ലഭിച്ചത്‌ നിർണായക മൊഴി; 
അന്വേഷണം ഓഫീസറിലേക്ക്‌



തിരുവനന്തപുരം പട്ടികജാതി ഫണ്ട്‌ തട്ടിപ്പ്‌ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്‌. അറസ്‌റ്റിലായ രണ്ട്‌ പേരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ പാസാക്കിയ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യും. ഇൻഡസ്‌ട്രിയൽ എക്‌സ്‌റ്റൻഷൻ ഓഫീസറെയാണ്‌ കസ്‌റ്റഡിയിലെടുക്കുക. തിരുവനന്തപുരം സ്വദേശിയായ ഇയാൾ മറ്റൊരു ജില്ലയിലാണിപ്പോൾ ജോലി ചെയ്യുന്നത്‌. അറസ്‌റ്റിലായ എസ്‌ സി പ്രൊമോട്ടർ സിന്ധു, സഹായി അജിത എന്നിവർക്ക്‌ പുറമേ ചിലർ കൂടി തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌. തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ പണം വിവിധ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്‌.  സംശയാസ്‌പദമായ മുഴുവൻ അക്കൗണ്ടുകളും മരവിപ്പിക്കും. തട്ടിപ്പുകാരിൽനിന്നും പണം ചില വ്യക്തികളും സംഘടനകളും ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയതായും വിവരമുണ്ട്‌.  വ്യാജ രേഖ തയ്യാറാക്കാൻ സഹായിച്ചവരെയും ഉടൻ കസ്‌റ്റഡിയിലെടുക്കും. സിന്ധുവിന്റെ വീട്ടിലുൾപ്പെടെ നടത്തിയ തെരച്ചിലിൽ വ്യാജ സീലുകളും ജാതി സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. കോർപറേഷൻ ഭരണ സമിതി കണ്ടെത്തിയ ആഭ്യന്തര അന്വേഷണത്തിലാണ്‌ പട്ടികജാതി ഫണ്ട്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. തുടർന്ന്‌ പൊലീസിൽ പരാതി നൽകുകയായിരുന്നു. Read on deshabhimani.com

Related News