വിദ്യാർഥിയും കോച്ചിങ്‌ സെന്റർ അധ്യാപകനും അറസ്റ്റിൽ

അറസ്റ്റിലായ ആദിത്തും അധ്യാപകൻ വേണുഗോപാലൻ നായരും


മംഗലപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കൂളിങ്ങിന്റെ ഹയർ സെക്കൻഡറിതല പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ വിദ്യാർഥിയും കോച്ചിങ് സെന്റർ അധ്യാപകനും അറസ്റ്റിൽ. മലയിൻകീഴ് ആൽത്തറ ജങ്‌ഷൻ കമലാനിലയത്തിൽ ആദിത് (23),  കോച്ചിങ് സെന്റർ അധ്യാപകനായ വിളവൂർക്കൽ വിജെ ഭവനിൽ‍ വേണുഗോപാലൻ നായർ (57) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.  പള്ളിപ്പുറം സിആർപിഎഫ് ആസ്ഥാനത്തുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ബുധനാഴ്ചത്തെ എഴുത്തുപരീക്ഷയിലാണ് ആൾമാറാട്ടം. വിദേശത്തുള്ള കിളിമാനൂർ സ്വദേശി മിഥുൻ എന്ന വിദ്യാർഥിക്ക് പകരക്കാരനായാണ് ആദിത് പരീക്ഷ എഴുതാൻ എത്തിയത്.  ആദിത് ഹാജരാക്കിയ ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതർ പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം പുറത്തുവന്നത്. തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിച്ചു. വിശദമായ അന്വേഷണത്തിലാണ്‌ പരീക്ഷ എഴുതാൻ ആദിത്തിനെ ചുമതലപ്പെടുത്തിയത് കോച്ചിങ് സെന്റർ ഉടമ വേണുഗോപാലൻ നായരാണെന്ന് കണ്ടെത്തിയത്. തുടർന്ന്‌ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. മിഥുനെയും കേസിൽ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News