വിജയമോഹിനി മിൽ വീണ്ടും അടച്ചിട്ട്‌ 50 ദിവസം



  തിരുവനന്തപുരം ദേശീയ ടെക്‌സ്‌റ്റൈൽസ്‌ കോർപറേഷനുകീഴിലുള്ള സംസ്ഥാനത്തെ മില്ലുകളുടെ ദുരവസ്ഥയ്ക്ക്‌ അറുതിയാകുന്നില്ല. തിരുവനന്തപുരത്തെ വിജയമോഹിനി മിൽ ലേഓഫിലായിട്ട്‌ ബുധനാഴ്‌ച 50 ദിവസം. 16 മാസത്തിൽ മിൽ പ്രവർത്തിച്ചത്‌ 45 ദിവസംമാത്രം. നൂലിനുള്ള അസംസ്കൃത വസ്‌തുക്കളായ കോട്ടണും സിന്തറ്റിക്‌ ഫൈബറും ലഭിക്കുന്നില്ലെന്ന കാരണത്താലാണ്‌ മിൽ അടച്ചിരിക്കുന്നത്‌. ഒരു വർഷത്തോളം അടച്ചിരുന്ന മിൽ കഴിഞ്ഞ മാർച്ച്‌ 31നാണ്‌ തുറന്നത്‌. ജൂലൈയിലെ ശമ്പളം, സ്‌റ്റാറ്റ്യൂട്ടറി ബോണസ്‌, വാർഷിക ഇൻക്രിമെന്റ്‌ എന്നിവ ഓണത്തിനുമുമ്പ്‌ നൽകണമെന്നും മിൽ ഉടനെ തുറക്കണമെന്നുമാണ്‌ തൊഴിലാളികളുടെ ആവശ്യം. മാനേജ്‌മെന്റ്‌ ഇതിന്‌ തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക്‌ പോകാനാണ്‌ സംയുക്ത ട്രേഡ്‌ യൂണിയന്റെ തീരുമാനം.   കേരള മേഖലയിൽ എൻടിസിക്ക്‌ കീഴിലുള്ള ബാക്കി നാല്‌ മില്ലിന്റെയും പ്രവർത്തനം നിലച്ചിട്ട്‌ കാലങ്ങളായി. കേരള ലക്ഷ്‌മി മിൽ തൃശൂർ, അളഗപ്പ ടെക്‌സ്‌റ്റൈൽസ്‌ കൊച്ചി, മിൽസ്‌ അളഗപ്പനഗർ തൃശൂർ, കാനനൂർ സ്‌പിന്നിങ്‌ ആൻഡ്‌ വീവിങ്‌ മിൽ (മാഹി) എന്നിവയാണവ.  എൻടിസി അടക്കം 36 കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനം പൊതുമേഖലാ വകുപ്പിൽനിന്ന്‌ ധനമന്ത്രാലയത്തിനു കീഴിലാക്കിയത്‌ മില്ലുകൾ വിറ്റഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവുമുണ്ട്‌. Read on deshabhimani.com

Related News