സമ്പൂർണ വലിച്ചെറിയൽ മുക്തമായി ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ നഗരസഭയെ സമ്പൂർണ വലിച്ചെറിയൽ മുക്തനഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്യുന്നു


ആറ്റിങ്ങൽ  സമ്പൂർണ വലിച്ചെറിയൽ മുക്തമായി ആറ്റിങ്ങല്‍ ന​ഗരസഭ. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് സമ്പൂർണ മാലിന്യമുക്ത നഗരസഭയായി ആറ്റിങ്ങല്‍ ന​ഗരസഭയെ പ്രഖ്യാപിച്ചു. ജില്ലയിൽ ആദ്യമായി സമ്പൂർണ വലിച്ചെറിയൽ മുക്തമാകുന്ന നഗരസഭ ആറ്റിങ്ങലാണെന്ന് കളക്ടർ പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നഗരസഭയിലെ ഹരിതകർമസേന അംഗങ്ങളെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു. നഗരസഭ പരിധിയിലെ അതിദരിദ്ര കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്കുള്ള സൗജന്യ പഠനക്കിറ്റ് വിതരണവും കളക്ടർ നിർവഹിച്ചു.   പ്രഖ്യാപനത്തോടനുബന്ധിച്ച് നഗര മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനമേളയും സംഘടിപ്പിച്ചിരുന്നു. മേള ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രദർശന വിപണനമേളയാണ് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ സംഘടിപ്പിച്ചത്.    ബയോഗ്യാസ് പ്ലാന്റ്, സ്മാർട്ട് ബയോബിന്നുകളുടെ പ്രദർശനം, ആർത്തവ കപ്പുകളുടെ ഉപയോഗം വ്യക്തമാക്കുന്ന സ്റ്റാൾ, ഖര മാലിന്യ സംസ്‌കരണ എക്സ്പോ, ഉറവിട മാലിന്യ സംസ്‌ക്കരണം എന്നിവയാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. മാലിന്യ നിർമാർജനത്തെപ്പറ്റി മനസിലാക്കുന്നതോടൊപ്പം വിവിധ മാലിന്യ സംസ്‌കരണ ഉൽപ്പന്നങ്ങൾ സബ്സിഡിയോടെ വാങ്ങാനും അവസരമൊരുക്കിയിരുന്നു.  ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി അധ്യക്ഷയായി. നഗരസഭാ ഉപാധ്യക്ഷൻ ജി തുളസീധരൻ പിള്ള, വിവിധ ജനപ്രതിനിധികൾ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ ഫൈസി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News