പാർടിക്കെതിരായ വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചത്‌: സിപിഐ എം



തിരുവനന്തപുരം> സിപിഐ എം ജില്ലാ നേതൃകമ്മിറ്റികളുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണെന്ന്‌ ജില്ലാ സെക്രട്ടറിയറ്റ്‌. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ സംഘടനാ രേഖകൾ ചർച്ച ചെയ്യാനാണ് രണ്ടുദിവസത്തെ യോഗം നടന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം അഞ്ച്‌ സെക്രട്ടറിയറ്റ് അംഗങ്ങൾ പങ്കെടുത്തു.    പാർലമെന്റ് തെരഞ്ഞെടുപ്പിന് പാർടി സംഘടനയെയും ബഹുജന പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തുക എന്നതായിരുന്നു മുഖ്യ അജൻഡ. ഇതു സംബന്ധിച്ച ഗൗരവതരമായ നിരീക്ഷണങ്ങളും അഭിപ്രായ പ്രകടനങ്ങളുമാണ്‌ കമ്മിറ്റിയിൽ ഉയർന്നത്. ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളോ ആക്ഷേപങ്ങളോ അഭിപ്രായ പ്രകടനങ്ങളോ ഉണ്ടായിട്ടില്ല. ആരോഗ്യകരമായ ചർച്ചകൾകൊണ്ട് സമ്പന്നമായിരുന്നു നേതൃയോഗങ്ങൾ. തികഞ്ഞ മാനസിക ഐക്യത്തോടെ ഒറ്റക്കെട്ടായി യോജിച്ച് പ്രവർത്തിക്കുന്ന പാർടിയാണ് ജില്ലയിലേത്.    വിഭാഗീയ നിലപാടുകൾക്കെതിരെ പോരാടി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ജില്ലാ ഘടകത്തെയും നേതൃത്വത്തെയും അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമ വാർത്തകൾ. ഇവ അവജ്ഞയോടെ തള്ളിക്കളയാനും ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും വർത്തമാന കാലഘട്ടത്തിലെ ഗൗരവതരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും പാർടി ഘടകങ്ങളോടും സഖാക്കളോടും സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News