ജെഴ്സി ഫാമിൽ കാട്ടാനക്കൂട്ടമിറങ്ങി: പുൽക്കൃഷി നശിപ്പിച്ചു

അടിപറമ്പ് ജെഴ്സി ഫാമിൽ കാട്ടാനക്കൂട്ടമിറങ്ങിയപ്പോൾ


വിതുര  ഒരു കുട്ടിയാന അടക്കം അടിപറമ്പ് ജെഴ്സി ഫാമിൽ കാട്ടാനക്കൂട്ടമിറങ്ങി പുൽക്കൃഷി നശിപ്പിച്ചു.  ബുധനാഴ്ചയാണ്‌ ആനക്കൂട്ടമിറങ്ങിയത്‌. രണ്ടുദിവസമായി ഫാമിൽ ആനയിറങ്ങുന്നുണ്ട്. പകൽ  ഫാം വളപ്പിനോട് ചേർന്ന വനത്തിൽ കഴിയുന്ന ഇവ വൈകിട്ടോടെയാണ് ഫാമിലെ കൃഷിയിടത്തിലിറങ്ങുന്നത്. പശുക്കൾക്ക് നൽകുന്നതിനായി വളർത്തിയ അത്യുൽപാദന ശേഷിയുള്ള പുല്ലിനങ്ങളിൽ നല്ലൊരു ഭാഗവും ചവിട്ടി മെതിച്ചു. ജലവിതരണ പൈപ്പുകളും നശിപ്പിച്ചു.  നൂറിലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ആനശല്യം രൂക്ഷമായതോടെ ഭീതിയിലാണ് ഇവർ. കൂകി വിളിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയും ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമില്ലെന്ന് തൊഴിലാളികൾ പറയുന്നു.       വനവുമായി അതിർത്തി പങ്കിടുന്ന ഫാമിലേക്ക് വന്യമൃഗങ്ങൾക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയും. കിടങ്ങുകളോ സുരക്ഷാവേലികളോ ഇല്ലാത്തതും ഇവയ്ക്ക് സഹായമാകുന്നു. കാട്ടുപോത്ത്, പന്നി, മ്ലാവ് എന്നിവയുടെ ശല്യത്തിനു പുറമെ ആനകൾ കൂടി ഇറങ്ങിയതോടെ ആശങ്കയിലാണ് അധികൃതർ. കഴിഞ്ഞ വർഷം നവംബറിൽ ഫാം വളപ്പിൽ പുലിയെ കണ്ടതായി തൊഴിലാളികൾ പറഞ്ഞിരുന്നു.  Read on deshabhimani.com

Related News