കർഷകസമര വിജയം പഠിപ്പിക്കുന്നത്‌ 
വർഗസമരത്തിന്റെ പ്രാധാന്യം: കോടിയേരി



കോവളം  രാജ്യത്തെ കർഷകസമര വിജയം നമ്മെ പഠിപ്പിക്കുന്നത്‌ വർഗസമരത്തിന്റെ പ്രാധാന്യമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം കോവളം ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള വെർച്വൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    വർഗസമരത്തിൽക്കൂടിയേ വർഗീയതയെ പരാജയപ്പെടുത്താനാകൂ.  രാജ്യത്തെ തൊഴിലാളികൾ ഇന്ന്‌ പോരാട്ടത്തിന്റെ പാതയിലാണ്.  കോർപറേറ്റുകൾക്ക് അനുകൂലമായ രാഷ്ട്രമാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്.  കൃഷി ഭൂമിയടക്കം കോർപറേറ്റുകൾക്ക് നൽകാനായാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. എന്നാൽ,  കർഷകർ ധീരമായ ചെറുത്തുനിൽപ്പാണ്‌ നടത്തിയത്‌.  കർഷകരുടെ മുന്നേറ്റത്തിന് മുന്നിൽ മോദിക്ക് മാപ്പ് പറയേണ്ടി വന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടാണ് മോദിയുടെ ഈ നാടകമെന്നും കോടിയേരി പറഞ്ഞു.     സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയൻബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാൻലി, പി രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ വി എൻ വിനോദ്കുമാർ സ്വാഗതവും കൺവീനർ ബി ടി ബോബൻകുമാർ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News