വീടാക്രമിച്ച് സൈനികനെയും കുടുംബത്തെയും വധിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ



കിളിമാനൂർ വീട്ടിൽ അതിക്രമിച്ച് കയറി സൈനികനെയും അമ്മയെയും ഭാര്യയെയും ഒരുസംഘം മർദിച്ചു. ജീവരക്ഷാർഥം പുറത്തേക്ക് ഓടിയ മൂവരേയും  കാറിടിച്ച് കൊല്ലാനും ശ്രമം. മടവൂർ തകരപ്പറമ്പ് പഴുവടി ജിഎസ് ഭവനിൽ ഗണപതിപ്പോറ്റിയുടെ മകൻ സൈനികനായ സ്വാതി (32), ഭാര്യ സരിഗസതീഷ് (29), അമ്മ ശ്യാമളകുമാരി (65) എന്നിവരെയാണ് കാറിലെത്തിയ മൂന്നുപേർ വീട്ടിൽ കയറി അക്രമിച്ചത്. ഗുരുതര പരിക്കുകളോടെ മൂവരും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.  സംഭവത്തിൽ സമീപവാസിയായ ബാബു സദനത്തിൽ ടി ബാബു (64)വിനെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്; ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഘമെത്തിയത്. ശ്യാമളകുമാരിയെയും സരിഗയെയുമാണ് ആദ്യം ആക്രമിച്ചത്. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ സ്വാതിയെയും മർദിച്ചു. മൂവരും റോഡിലേക്ക് ഓടിയിറങ്ങുന്നതിനിടെ അക്രമിസംഘം കാറുമായി സ്വാതിയെയും ഭാര്യയെയും ഇടിച്ച് തെറിപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ശ്യാമളകുമാരിയെ കാർ പിന്നോട്ടെടുത്ത് ഇടിച്ചിട്ടു.  സമീപവാസിയായ ബാബു അക്രമികളോട് മൂവരേയും കൊല്ലാൻ ആക്രോശിച്ചതായും പറയുന്നു. ഉച്ചയോടെയുണ്ടായ നിസ്സാര വാക്കുതർക്കമാണ് കാരണം. സ്വാതിയുടെയും ബാബുവി​ന്റെയും വീടിന് മുൻവശത്തെ തകരപ്പറമ്പ് -മടവൂർ റോഡി​ന്റെ ടാറിടൽ നടക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വാഹനം കയറാൻ പറ്റുംവിധം ടാറിടണമെന്ന് സ്വാതി കരാറുകാരനോട് ആവശ്യപ്പെട്ടു. ബാബു ഇതിനെതിരെ പ്രതികരിക്കുകയും വാക്കു തർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് ബാബു മൂന്നുപേരെ വിളിച്ചുവരുത്തിയാണ് അക്രമം നടത്തിച്ചത്.   പള്ളിക്കൽ എസ്എച്ച്ഒ അജി ജി നാഥ്, എസ് ഐ പി അനിൽകുമാർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News