സ്‌നേഹസമ്പന്നനായ സഖാവ്‌: ആനാവൂർ

എ കെ ജി സെന്ററിൽ കോടിയേരിയുടെ ചിത്രത്തിനുമുന്നിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്ന സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ


തിരുവനന്തപുരം  കൂടുതൽ ബഹുജനങ്ങളെ അണിനിരത്തി തലസ്ഥാന ജില്ലയിലെ  ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാക്കി സിപിഐ എമ്മിനെ വളർത്തിയെടുക്കാൻ,  സ്‌നേഹം ചൊരിഞ്ഞ്‌ നേതൃത്വപരമായ പിന്തുണ പകർന്ന സഖാവായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അനുസ്മരിച്ചു. എല്ലാ മേഖലയിലെയും പാർടി പ്രവർത്തകരെ നേരിട്ട്‌ മനസ്സിലാക്കി ഓരോരുത്തരുടെയും കഴിവും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ്‌ ചുമതലകൾ ഏൽപ്പിക്കുന്നതിൽ അതുല്യപാടവം പുലർത്തി. വിദ്യാർഥി  ജീവിതകാലം മുതൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ച സഖാവ്‌ എത്താത്ത മേഖലകൾ ജില്ലയിലില്ല. ലളിതമായ നിലയിൽ ജനങ്ങൾക്ക്‌ മനസ്സിലാകുന്ന രീതിയിൽ, അവരുടെ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള അനിതര സാധാരണ കഴിവ്‌ ഏവരുടെയും പ്രിയങ്കരനാക്കി. മന്ത്രിയായിരിക്കെ തലസ്ഥാനത്ത്‌ ടൂറിസം മേഖലയിൽ നടപ്പാക്കിയ പദ്ധതികൾ തിരുവനന്തപുരത്തോടുള്ള അദ്ദേഹത്തിന്റെ കരുതലിന്റെ അടയാളങ്ങൾ കൂടിയാണ്‌.  തെരഞ്ഞെടുപ്പ്‌ വേളകളിൽ എല്ലായിടങ്ങളിലും എത്തിച്ചേരാനും പ്രവർത്തകർക്ക്‌ ആവേശം പകരാനും പ്രത്യേകം ശ്രദ്ധിച്ചു. രോഗാവസ്ഥയിലും ആരോഗ്യത്തെ അവഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ മുഴുകിയത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത്‌ 14 ൽ 13 നിയോജകമണ്ഡലങ്ങളിലും എൽഡിഎഫിന്‌ അത്യുജ്വല വിജയം സമ്മാനിച്ചത്‌ കോടിയേരി എന്ന നേതാവിന്റെ സംഘടനാപാടവത്തിന്റെകൂടി ബലത്തിലായിരുന്നു.  എല്ലാവരെയും ചേർത്തുപിടിച്ചുള്ള പ്രവർത്തനശൈലിക്ക്‌ ഉടമയായ കോടിയേരി എന്ന സ്‌നേഹസമ്പന്നനായ സഖാവിന്റെ ധീരോജ്വല ഓർമകൾ ജനഹൃദയങ്ങളിലൂടെയുള്ള പാർടിയുടെ കുതിപ്പിന്‌ കൂടുതൽ കരുത്തുപകരുമെന്നും- ആനാവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.   Read on deshabhimani.com

Related News