കൂട്ടിരിക്കേണ്ട, 
ഇനി കൂട്ടുകാരുണ്ട്‌

പട്ടം പിഎസ്‌സി ആസ്ഥാനത്ത് വനിതാ ശിശുവികസന വകുപ്പ് ഒരുക്കിയ ക്രഷിലെത്തിയ ആര്യൻ. പിഎസ്‌സി ജീവനക്കാരനായ ലിജോ സമീപം


തിരുവനന്തപുരം മാസങ്ങളായി മകൻ ആര്യനൊപ്പമാണ്‌ സീനിയർ ഗ്രേഡ്‌ കംപ്യൂട്ടർ അസിസ്റ്റന്റ്‌ അമീന പട്ടം പിഎസ്‌സി ആസ്ഥാന ഓഫീസിലെത്തുന്നത്‌. ഒപ്പം അമീനയുടെ അച്ഛനോ ഭർത്താവ്‌ ലാൽകൃഷ്‌ണനോ ഉണ്ടാകും. ഒന്നേകാൽവയസ്സുകാരനൊപ്പം അവരിലൊരാൾ ഓഫീസ്‌ സമയം കഴിയുന്നതുവരെ അമീനയ്ക്കായി കാത്തിരിക്കും.  എന്നാൽ, ഇനി ഇതുവേണ്ട. ആര്യന്‌ കൂട്ടിരിക്കാൻ ഇരുപത്തഞ്ചോളം കൂട്ടുകാർ ഉടൻ പിഎസ്‌സി ഓഫീസിലെത്തും. വനിതാശിശുവികസന വകുപ്പിന്റെ "തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ക്രഷ്‌ അമീനയുടേത്‌ ഉൾപ്പെടെ നിരവധി ജീവനക്കാരുടെ ജീവിതത്തെയാണ്‌ മാറ്റിമറിക്കുക. മകനെ ക്രഷിലാക്കി സമാധാനത്തോടെ ജോലി ചെയ്യാമെന്ന ആത്മവിശ്വാസത്തിലാണ്‌ ഈ അമ്മ. ഇനി കൃത്യമായി ജോലിക്ക്‌ പോകാമെന്ന ആശ്വാസത്തിലാണ്‌ അമീനയുടെ ഭർത്താവ്‌ ലാൽകൃഷ്‌ണനും. "ഏറെ സഹായം നൽകുന്നതാണ്‌ ക്രഷിന്റെ തുടക്കം. ഇനി കുഞ്ഞിനെ നോക്കാൻ മറ്റാരുടെയും ആവശ്യം വേണ്ടിവരില്ല. ദീർഘനാളത്തെ അമ്മമാരുടെ ആവശ്യമാണ്‌ പൂർത്തിയാകുന്നത്‌'–-അമീന പറയുന്നു. തൃശൂർ സ്വദേശി ലിജോ ആകട്ടെ ക്രഷ്‌ തുടങ്ങുമെന്നറിഞ്ഞതോടെ കുടുംബസമേതം തലസ്ഥാനത്തേക്ക്‌ താമസം മാറിക്കഴിഞ്ഞു. നേരത്തേ ദിവസവും തൃശൂർവരെ പോയി വരികയായിരുന്നു ലിജോ. ഭാര്യയുടെ പഠനം കൂടി കണക്കിലെടുത്താണ്‌ തിരുവനന്തപുരത്തേക്ക്‌ മാറിയത്‌. "ദിവസവും തിരുവനന്തപുരംവരെ വന്നുപോകുക ഏറെ ബുദ്ധിമുട്ടായിരുന്നു. ഇനി അതുവേണ്ടല്ലോ. ഓഫീസിലേക്കിറങ്ങുമ്പോളിനി മകനെ കൂട്ടാം'–-ലിജോ പറയുന്നു.  ആറുമാസംമുതൽ ആറുവയസ്സുവരെയുള്ളവർക്കാണ്‌ പ്രവേശനം. ഇതുവരെ 24പേർ രജിസ്റ്റർ ചെയ്തു. ഒരു അധ്യാപികയും ആയയുമുണ്ടാകും. ആഴ്‌ചയിലൊരിക്കൽ ശിശുരോഗ വി‌ദഗ്ധന്റെ സേവനവും കുട്ടികൾക്ക്‌ ലഭിക്കും. കെട്ടിടം, വൈദ്യുതി, വെള്ളം എന്നിവ മാത്രമാണ്‌ പിഎസ്‌സി വിട്ടുനൽകിയത്‌. ക്രഷിന്റെ അകം മനോഹരചിത്രങ്ങൾകൊണ്ട്‌ അലങ്കരിച്ചത്‌ ഫൈൻ ആർട്‌സ്‌ കോളേജിലെ വിദ്യാർഥികളാണ്‌. 60 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള പട്ടം ഓഫീസിൽ നാൽപ്പതോളം അമ്മമാരുണ്ട്‌.  സംസ്ഥാനത്താകെ 25 ക്രഷാണ്‌ ആരംഭിക്കുന്നത്‌. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ബുധനാഴ്ച മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ തീരുമാനിച്ചിരുന്നെങ്കിലും മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പരിപാടി മാറ്റിവച്ചു. Read on deshabhimani.com

Related News