തമ്പിയെയും വിഷ്‌ണുവിനെയും ചോദ്യംചെയ്യും



തിരുവനന്തപുരം  ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സിബിഐ സംഘം തിങ്കളാഴ്‌ചമുതൽ മൊഴി എടുക്കൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ മൊഴി എടുക്കേണ്ടവരുടെ പട്ടിക സിബിഐ തയ്യാറാക്കി. നേരത്തേ കേസ്‌ അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടും ഉടൻ വാങ്ങും. ബാലഭാസ്‌കറിന്റെ അച്ഛനമ്മമാർ, അടുത്ത ബന്ധുക്കൾ, ഭാര്യ ലക്ഷ്‌മി, ലക്ഷ്‌മിയുടെ വീട്ടുകാർ, സുഹൃത്തുക്കൾ എന്നിവരാണ്‌ ലിസ്റ്റിലുള്ളത്‌. സ്വർണക്കടത്ത്‌ കേസിൽ അറസ്റ്റിലായ പ്രകാശ്‌ തമ്പി, വിഷ്‌ണു എന്നിവരെ ഉടൻ ചോദ്യംചെയ്യും. ഇതിനു പുറമെ നയതന്ത്രബാഗേജ്‌ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സരിത്തിനെ ബാലഭാസ്‌കർ അപകടത്തിൽപ്പെട്ട സ്ഥലത്ത്‌ കണ്ടതായി വെളിപ്പെടുത്തിയ കലാഭവൻ സോബിയെയും ചോദ്യംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്‌. ബാലഭാസ്‌കറിന്റേത്‌ അപകടമരണമാണെന്നും വാഹനം ഓടിച്ചത്‌ അർജുനാണെന്നുമാണ്‌ കൈംബ്രാഞ്ച്‌ നിഗമനം. പ്രകാശ്‌ തമ്പി, വിഷ്‌ണു ഉൾപ്പെടെയുള്ളവരുടെ സാമ്പത്തികവിവരങ്ങൾ അന്വേഷിക്കുന്ന ഘട്ടത്തിലായിരുന്നു ക്രൈംബ്രാഞ്ച്‌.  ഇതിനിടയിലാണ്‌ ബാലഭാസ്‌കറിന്റെ അച്ഛനമ്മമാർ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയതിനെത്തുടർന്ന്‌ കേസ്‌ സിബിഐക്ക്‌ വിട്ടത്‌. Read on deshabhimani.com

Related News