അന്ന്‌ പുതുവീട്ടിൽ അന്തിയുറങ്ങി, 
ഇന്ന്‌ അന്ത്യ ഉറക്കവും



കിളിമാനൂർ കഴിഞ്ഞ ഇരുപത്തിനാലിനായിരുന്നു  മണിക്കുട്ടന്റെ പുതിയ വീട്ടിലെ പാലുകാച്ചൽ, ഗൃഹപ്രവേശദിവസമായതിനാൽ അന്ന്‌ പുതിയ വീട്ടിൽ എല്ലാവരും അന്തിയുറങ്ങി. അടുത്ത ആഴ്ചയോടെ പുതിയ വീട്ടിലേക്ക് പൂർണമായും താമസം മാറാനിരിക്കുകയായിരുന്നു. ഒരാഴ്‌ചയ്‌ക്കിപ്പുറം വീണ്ടും ആ അഞ്ചുപേരെത്തിയത്‌ പുത്തൻവീടിന്റെ മണ്ണിൽ അന്തിയുറങ്ങാൻ! ആളുകളാകെ ആ കാഴ്‌ചയിൽ വേദനയാർന്നു നിന്നു. നാലുപേർക്കും വിഷം നൽകി മരണമുറപ്പാക്കിയശേഷം മണിക്കുട്ടൻ ആത്മഹത്യചെയ്‌തെന്നാണ്‌ കരുതുന്നത്‌. ബാക്കിയുള്ളവരുടെ ശരീരം പുതപ്പിച്ചുകിടത്തിയ നിലയിലാണ്‌ കണ്ടെത്തിയത്‌. കടബാധ്യതയാകും മരണകാരണമെന്ന് കല്ലമ്പലം പൊലീസ് പറയുമ്പോഴും മണിക്കുട്ടനും കുടുംബത്തിനും പ്രത്യക്ഷത്തിൽ സാമ്പത്തിക ബാധ്യതയോ മറ്റു പ്രശ്‌നങ്ങളോ ഒന്നുമില്ലെന്ന്‌ അടുപ്പക്കാർ വിശ്വസിക്കുന്നു. 20 വർഷത്തോളമായി ചാത്തൻപാറ ജങ്‌ഷനിൽ തട്ടുകട നടത്തുന്ന മണിക്കുട്ടൻ നാട്ടുകാർക്കാകെ പരിചിതനാണ്‌. മരണവിവരമറിഞ്ഞ്‌ രാവിലെ ഏഴോടെ ചാത്തൻപാറ ജങ്‌ഷൻ ആളുകളെക്കൊണ്ട് നിറഞ്ഞു. വർക്കല ഡിവൈഎസ് പി നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി സ്ഥിതി​ഗതി നിയന്ത്രിച്ചു. വെള്ളിയാഴ്ച രാത്രിയാകാം മരണമെന്ന്‌ കരുതുന്നു. മണിക്കുട്ടൻ വർഷങ്ങളായി താമസിക്കുന്നത് ചാത്തൻപാറ ജങ്‌ഷന് സമീപത്തെ കുടുംബവീട്ടിലായിരുന്നു. ഈയിടെയാണ്‌ സഹോദരന്റെ പഴയവീട് വിലയ്‌ക്ക്‌വാങ്ങി, നവീകരിച്ചത്‌. എല്ലാദിവസവും മണിക്കുട്ടൻ വൈകിട്ട് ഇവിടെയെത്തി നിലവിളക്ക് തെളിക്കുമായിരുന്നു. ദിവസങ്ങൾക്കകം പുതിയ വീട്ടിലേക്ക് പൂർണമായും താമസം മാറുന്നതിന്റെ സന്തോഷം അമേയ കൂട്ടുകാരോട് പങ്കുവച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി അഞ്ച് ആംബുലൻസുകളിലായി കൊണ്ടുവന്ന ചേതനയറ്റ ശരീരങ്ങൾ വീട്ടുമുറ്റത്ത്‌ ഇറക്കി കിടത്തിയപ്പോൾ കൂടിനിന്നവർക്ക് സഹിക്കാനായില്ല. പലരും വിങ്ങിപ്പൊട്ടി, ചിലർ നിലവിളിയോടെ ബോധമറ്റു. ഒ എസ് അംബിക എംഎൽഎ, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളി, ജില്ലാകമ്മിറ്റിയം​ഗം ബി സത്യൻ, എസ് ഷാജഹാൻ, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ നഹാസ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു. Read on deshabhimani.com

Related News