ഗാഗിന്റെ ഗമ വിയറ്റ്നാമിലല്ല, 
ഇങ്ങ്‌ ഊരൂട്ടമ്പലത്ത്‌



കാട്ടാക്കട മലയാളി വിചാരിച്ചാൽ ഇന്നാട്ടിൽ വിളയാത്ത പഴങ്ങളുണ്ടോ? ഡ്രാഗൺ ഫ്രൂട്ട്‌ മുതൽ അവക്കാഡോ വരെ ഇവിടെ വിളയിച്ച്‌ വരുമാനം നേടിയവരാണ്‌ നമ്മൾ. അക്കൂട്ടത്തിലേക്കാണ്‌ വിയറ്റ്നാമിൽനിന്ന്‌ ‘പറുദീസയിലെ കനി’ അഥവാ ഗാഗ്‌ പഴത്തിന്റെ വരവ്‌. ഊരൂട്ടമ്പലം സ്വദേശി ബിനീപ് കുമാറാണ്‌ തന്റെ  വീട്ടിന്റെ മുന്നിൽ ഗാഗ്‌ മരം നട്ടുപിടിച്ചത്‌.  പഴത്തിന്റെ വിളവനുസരിച്ച്‌ നാല്‌ നിറത്തിലാണിവ കാണുന്നത്‌. പച്ച, മഞ്ഞ, ഓറഞ്ച്‌, ചുവപ്പ്‌ എന്നിങ്ങനെ. യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഈ പഴം അടുത്ത കാലത്താണ് കേരളത്തിൽ കണ്ടുതുടങ്ങിയത്.  ഇത്തരം പഴങ്ങളോട് കൗതുകമുള്ള ബിനീപ്‌ ചാലക്കുടിയിലെ  സുഹൃത്തിന്റെ അടുത്തുനിന്ന്‌ വാങ്ങിയ ആറു വിത്തുകളിൽ രണ്ടെണ്ണമാണ് മുളച്ചത്‌. മുള്ളൻ ചക്കയോട് രൂപസാദൃശ്യമുള്ള ഇവയുടെ ഉൾഭാഗം കൊക്കോ കായയോട്‌ സാദൃശ്യമുള്ളതാണ്‌. കടും ചുവപ്പ് നിറമാണുള്ളിൽ. ഈ ഭാഗം ജ്യൂസ് രൂപത്തിലാണ്‌ കഴിക്കേണ്ടത്‌. സൗന്ദര്യവർധക വസ്തുക്കൾ, തൊലിക്കു നിറം വയ്ക്കുന്ന എണ്ണകൾ, വൈറ്റമിൻ എന്നിവയ്ക്കെല്ലാം ഗാഗ് പഴം ഉപയോഗിക്കും. കിലോയ്‌ക്ക് ആയിരത്തി അഞ്ഞൂറോളം രൂപയാണ്. ഒരു ഗാഗ് പഴം തന്നെ ഒരുകിലോയോളം വരും. ജൈവവളം ഉപയോഗിച്ചാണ് പരിപാലനം. പരാഗണത്തിനായി തേനീച്ചയെയും വളർത്തുന്നുണ്ട്. വിത്ത്‌ മുളച്ചാൽ ഏഴു മാസത്തിനുള്ളിൽ വിളവെടുക്കാം.  ഗാഗ് കൃഷിയിലൂടെ മികച്ച വരുമാനം നേടാനാകുമെന്നും ബിനീപ്‌ പറയുന്നു.  ഡ്രാഗൻ ഫ്രൂട്ട്, ഗ്രേപ്സ്, ലോങ്ങൻ, റംബൂട്ടാൻ, അബി തുടങ്ങി എക്സോട്ടിക് ഫലങ്ങളും പേരക്ക, മാങ്ങ, ചക്ക എന്നിവയു ബിനീപിന്റെ നയനം വീട്ടിലുണ്ട്.  മലയിൻകീഴ് ഗവ. ഐടിഐയിൽ അധ്യാപകനാണ്‌ ബിനീപ്‌. ഭാര്യ ആശ ഊരൂട്ടമ്പലത്ത്‌ പൂരം ഡ്രൈവിങ് സ്‌കൂളും പുക പരിശോധന കേന്ദ്രവും നടത്തുന്നു. രൂപൻ വൈശാഖ്, നയനാ കല്യാണി എന്നിവരാണ്‌ മക്കൾ. Read on deshabhimani.com

Related News