ഇനിയിവിടെ സ്‌കൂൾ കാലം

കിളിമാനൂർ മടവൂർ ഗവ. എൽപി എസിൽ നടന്ന പ്രവേശനോത്സവത്തിൽനിന്ന്


തിരുവനന്തപുരം ആദ്യമായി സ്കൂൾ അന്തരീക്ഷത്തിലേക്ക്‌ കാലെടുത്തുവച്ചവരുടെ സാധാരണ ഭയപ്പാടുകൾ ഒരിടത്തും കണ്ടില്ല, ചിരിയും കളിയുമായി ജില്ലയിൽ കാൽലക്ഷത്തോളം കുട്ടിക്കുരുന്നുകൾ വ്യാഴാഴ്ച ആദ്യമായി ഒന്നാം ക്ലാസിലേക്ക്‌. ആയിരക്കണക്കിന്‌ കുട്ടികൾ പ്രീ പ്രൈമറി ക്ലാസുകളിലും പ്രവേശനം നേടി. മണക്കാട്‌ ഗവ. ടിടിഐയിൽ 200 കുട്ടികളും വഴുതക്കാട്‌ കോട്ടൺഹിൽ ഗവ. എൽപിഎസിൽ 117ഉം കുട്ടികൾ ഒന്നാംക്ലാസിൽ പുതുതായി പ്രവേശനം നേടി.   സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം മലയിൻകീഴ്‌ ഗവ. വിഎച്ച്‌എസ്‌എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സമീപത്തുള്ള രണ്ട്‌ എൽപി സ്കൂളുകളടക്കം നാല്‌ സ്കൂളുകൾ സംയുക്തമായാണ്‌ പരിപാടിയിൽ ഭാഗമായത്. മലയിൻകീഴ്‌ ഗവ. എൽപിബിഎസിന്റെ പുതിയ കെട്ടിടവും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം സൗത്ത് ഉപജില്ലാ പ്രവേശനോത്സവം കോട്ടൺഹിൽ ഗവ. എൽപിഎസിൽ നടന്നു. മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു. കോട്ടൺഹിൽ സ്കൂൾ പ്രീപ്രൈമറി സ്കൂളിലെ പ്രവേശനോത്സവം കൗൺസലർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. 60 കുട്ടികളാണ് ഇക്കുറി പുതുതായി എത്തിയത്‌. ജില്ലയിലൊട്ടാകെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പൂവത്തൂർ എൽപിഎസിൽ നടന്ന നെടുമങ്ങാട് മുനിസിപ്പൽതല സ്‌കൂൾ പ്രവേശനോത്സവം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.  ശിശുക്ഷേമ 
സമിതിയിലെ 
8 കുരുന്നുകൾ 
ഒന്നാംക്ലാസിൽ തൈക്കാട്‌ ശിശുക്ഷേമസമിതിയിലെ എട്ട്‌ കുരുന്നുകൾ വ്യാഴാഴ്ച ആദ്യമായി വിദ്യാലോകത്തേക്ക്‌. തൈക്കാട്‌ എൽപിഎസിലും കോട്ടൺഹിൽ എൽപിഎസിലുമായി എട്ടുപേർ ഒന്നാംക്ലാസിൽ പ്രവേശനം നേടി. ഇതുൾപ്പെടെ 11 കുട്ടികളാണ്‌ സ്കൂളിലെത്തിയത്‌. ഒരോരുത്തർ വീതം രണ്ടിലും അഞ്ചിലും പഠിക്കുന്നു. ഒരു കുട്ടി സ്‌പെഷ്യൽ സ്കൂളിലും പ്രവേശനം നേടിയിട്ടുണ്ട്‌. തൈക്കാട്‌ ശിശുക്ഷേമ സമിതിയിൽ 65ഓളം കുട്ടികളാണുള്ളത്‌. Read on deshabhimani.com

Related News