എസ്എഫ്ഐ നേതാക്കളെ 
വധിക്കാൻ യൂത്ത്‌കോൺഗ്രസ് ശ്രമം

പരിക്കേറ്റ എസ്എഫ്എ വെള്ളറട ഏരിയ സെക്രട്ടറി മൻസൂർ


വെള്ളറട  എസ്എഫ്ഐ വെള്ളറട ഏരിയ പ്രസിഡന്റ്‌ മൻസൂർ, വെള്ളറട ലോക്കൽ സെക്രട്ടറി ആദിത്യൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷെഹബ്, മുഹമ്മദ് അൻസിൽ എന്നിവരെ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം വധിക്കാൻ ശ്രമിച്ചു. ബുധൻ രാത്രി 11നായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റവരെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പ്രവേശനോത്സവത്തിന്റെ ഭാഗമായി വെള്ളറട വിപിഎം എച്ച് എസിൽ ചുമരെഴുത്തും  ബോർഡും തയ്യാറാക്കുകയായിരുന്ന എസ്എഫ്ഐ നേതാക്കളെയാണ്‌ ഇരുപതോളംപേരടങ്ങുന്ന യൂത്ത്‌കോൺഗ്രസ്‌ സംഘം ആക്രമിച്ചത്‌. ഇടിക്കട്ട, കമ്പി, കുറുവടി അടക്കമുള്ള ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം.  ജൂൺ നാലിന് നടക്കാനിരിക്കുന്ന പനച്ചമൂട്‌ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഭീതി വിതച്ച് വോട്ടർമാരെ പോളിങ് കേന്ദ്രത്തിൽ എത്തിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണം. അക്രമത്തിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ആദർശ് , പ്രസിഡന്റ്‌ ആദിത്യൻ, ജോയിന്റ്‌ സെക്രട്ടറി ദിപിൻ, സംസ്ഥാന കമ്മറ്റി അംഗം അനന്തു, ഏരിയ സെക്രട്ടറി വിജയ് ലൗലി തുടങ്ങിയവർ നേതൃത്വം നൽകി. സിപിഐ എം നേതൃത്വത്തിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. Read on deshabhimani.com

Related News