സമരത്തിനെതിരെ 
വിശ്വാസികൾ രംഗത്ത്‌



  തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരാഭാസത്തിനെതിരെ ലത്തീൻ സഭയിലെ ഒരു വിഭാഗം രംഗത്ത്‌. സമരം അവസാനിപ്പിക്കണമെന്നും പുറമെനിന്നുള്ള സമരക്കാരുടെയും പുരോഹിതരുടെയും ഇടപെടൽ തങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നുവെന്നുമാണ്‌ ഇവരുടെ പരാതി. വിഴിഞ്ഞം ഇടവക വികാരി ഫാ. മെൽക്കണിന്റെ നേതൃത്വത്തിലാണ്‌ സഭാവിശ്വാസികളായവർ കഴിഞ്ഞ ദിവസം യോഗം ചേർന്നത്‌. തദ്ദേശീയരായ ആളുകളേക്കാളധികം പുറത്തുനിന്നുള്ളവരാണ്‌ സമരത്തിലുള്ളത്‌. തങ്ങളുടെ സ്ഥാപനങ്ങളിലും വീടുകളിലുമടക്കം ഇവർ അതിക്രമിച്ച്‌ കയറി അധികാരം സ്ഥാപിക്കുന്നെന്ന്‌ സഭാവിശ്വാസികൾ യോഗത്തിൽ അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച ആർച്ച്‌ ബിഷപ്‌ തോമസ്‌ നെറ്റോയെ കണ്ട്‌ പരാതിപ്പെട്ടു. എന്നാൽ, തന്റെ നിസ്സഹായാവസ്ഥയാണ്‌ അദ്ദേഹം അറിയിച്ചത്‌. കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ലെന്നും ചില പുരോഹിതർ തന്നെപ്പോലും വകവയ്‌ക്കാതെയാണ്‌ തീരുമാനങ്ങൾ എടുക്കുന്നതെന്നും ആർച്ച്‌ ബിഷപ്‌ നിവേദനവുമായെത്തിയ സഭാവിശ്വാസികളുടെ പ്രതിനിധികളെ അറിയിച്ചു.    ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ  വിഭാഗത്തിലുള്ളവർ ഒത്തൊരുമയോടെ കഴിയുന്ന പ്രദേശമാണ്‌ തങ്ങളുടേതെന്നും ഇപ്പോൾ നടക്കുന്ന സമരം മതസ്പർധ വർധിക്കാനേ ഇടവരുത്തൂവെന്നും വിശ്വാസികൾ പരാതിപ്പെടുന്നു. സഭാ നേതൃത്വത്തിലും വിശ്വാസികൾക്കിടയിലും സമരത്തിനെതിരെ കടുത്ത എതിർപ്പുണ്ടെന്ന വിവരങ്ങൾ ശരിവയ്‌ക്കുന്നതാണ്‌ ഈ സംഭവങ്ങൾ. ലത്തീൻ സഭയിലെ പല പുരോഹിതന്മാരും സമരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെ അനുകൂലിക്കുന്നില്ല. എന്നാൽ, യൂജിൻ പെരേരയും തിയോഡേഷ്യസും അടക്കമുള്ളവരാണ്‌ കാര്യങ്ങൾ നിയന്ത്രിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നത്‌. ഇവരെ കവച്ചുവച്ച്‌ തീരുമാനം എടുക്കാനും പുറത്ത്‌ അഭിപ്രായം പറയാനും പലരും ഭയപ്പെടുകയാണ്‌. Read on deshabhimani.com

Related News