കുടുംബശ്രീ വനിതകള്‍ പ്രസി‍ഡന്റിനെ ഉപരോധിച്ചു

കരവാരം പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിനെ കുടുംബശ്രീ വനിതകൾ ഉപരോധിച്ചപ്പോൾ


കിളിമാനൂർ  ബിജെപി ഭരിക്കുന്ന കരവാരം പഞ്ചായത്തിൽ കുടുംബശ്രീ  നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ്‌  മാർച്ച്‌ നടത്തി. പിന്നോക്ക വികസന കോര്‍പറേഷന്‍ വായ്പാ സാക്ഷ്യപത്രം നൽകാത്തതിൽ പ്രതിഷേധിച്ചാണ്‌ മാർച്ചും ഉപരോധവും. കരവാരം സിഡിഎസ് പരിധിയിലെ 35 അയൽക്കൂട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ പിന്നോക്ക വികസന കോർപറേഷൻ  10 കോടി രൂപ വായ്‌പ  അനുവദിച്ചിരുന്നു. ജില്ലയിൽ  ഭൂരിപക്ഷം പഞ്ചായത്തുകളിലും ഈ ലോൺ വിതരണം ചെയ്തെങ്കിലും കരവാരത്ത് ലോണിന് സാക്ഷ്യപത്രം നൽകാൻ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാലിന് തയ്യാറായില്ല.  പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം അജൻഡ വച്ച് ചർച്ചചെയ്യണമെന്ന ആവശ്യവുമായി സിഡിഎസ് നേതൃത്വത്തിൽ  കുടുംബശ്രീ വനിതകൾ  പ്രതിഷേധവുമായി എത്തുകയായിരുന്നു.  പ്രതിഷേധം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.  സിഡിഎസ് ചെയർപേഴ്സൺ വിലാസിനി അധ്യക്ഷയായി.  ന​ഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത, കരവാരം പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ സജീർ രാജകുമാരി, പഞ്ചായത്തം​ഗം ഫാൻസി വിഷ്ണു,  കെ സുഭാഷ്, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ എസ് എം റഫീഖ്, എം കെ രാധാകൃഷ്ണൻ,പി കൊച്ചനിയൻ, എസ് മധൂസൂദനകുറുപ്പ്,  എസ് സുരേഷ് കുമാർ, സീന തുടങ്ങിയവർ സംസാരിച്ചു.  കുടുംബശ്രീ പ്രവർത്തകർ തങ്ങളുടെ ആവശ്യം അം​ഗീകരിക്കുംവരെ പ്രസിഡന്റിനെയും ബിജെപി അം​ഗങ്ങളെയും ഉപരോധിച്ചു.  ഉപരോധത്തിനൊടുവിൽ വർക്കല ഡിവൈഎസ്പി പി നിയാസുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ പ്രസിഡന്റ് നിലപാട്‌ തിരുത്തി. ഡിസംബർ 3നും 4 നും ​കരവാരം ക്ഷീരസംഘം ഹാളിലും വഞ്ചിയൂർ സാംസ്കാരിക നിലയത്തിലും വായ്പാ അപേക്ഷകൾ പരിശോധിച്ച് ഒപ്പിട്ട് നല്കാമെന്ന് പ്രസിഡന്റ് എഴുതി നല്കിയതോടെ സമരം അവസാനിച്ചു. Read on deshabhimani.com

Related News