സാക്ഷി പറഞ്ഞ യുവാവിനെ 
കൊല്ലാൻ ശ്രമിച്ച 2 പേർ അറസ്‌റ്റിൽ



നെടുമങ്ങാട് യൂത്ത്‌ കോൺഗ്രസ്-–-കെഎസ്‌യു സംഘം യുവാവിനെ ആക്രമിച്ച സംഭവത്തിന്‌ സാക്ഷി പറഞ്ഞ പൂക്കടയിലെ തൊഴിലാളിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. നെടുമങ്ങാട് മാർക്കറ്റിനു സമീപം മുനീർ മൻസിലിൽ വാടകയ്‌ക്കു താമസിക്കുന്ന ഹാജ(22), നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിനു സമീപം വാടകയ്‌ക്കു താമസിക്കുന്ന അമീർഖാൻ(22) എന്നിവരാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്കു നിൽക്കുന്ന വെള്ളനാട് കൂവക്കുടി സ്വദേശി അരുണി(26)നെയാണ് ഇരുവരും ചേർന്ന് വധിക്കാൻ ശ്രമിച്ചത്. ഞായർ രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. ഒരാഴ്ച മുമ്പ്നെടുമങ്ങാട്‌ ടൗണിൽ കിഴക്കേ ബംഗ്ലാവ് പരിസരത്ത് ഒരു യുവാവിനെ യൂത്ത്‌ കോൺഗ്രസ്-–-കെഎസ്‌യു സംഘം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ആക്രമണം കണ്ട അരുണിനെയാണ് പൊലീസ് സാക്ഷിയാക്കിയത്. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അരുണിനെ ആക്രമിച്ചത്‌. പൂക്കടയിലെത്തിയ സംഘം കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ കത്തി കഴുത്തിനു താഴെ കുത്തിയാഴ്ത്തി. ഇതിനിടയിൽ കത്തി രണ്ടായി മുറിഞ്ഞ് ഒരുഭാഗം അരുണിന്റെ ശരീരത്തിൽ തറഞ്ഞതിനാൽ കൊലപാതകശ്രമം പാളി. കഴിഞ്ഞ 23നാണ് നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലും പരിസരത്തും ഈ സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. നെടുമങ്ങാട് എസ്‌എച്ച്‌ഒ എസ്‌ സന്തോഷ് കുമാർ, എസ്ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News