മൂന്നിടത്ത് വാഹനാപകടം
നിരവധി പേർക്ക് പരിക്ക്

നെടുമങ്ങാട്ട് കൂട്ടിയിടിച്ച്‌ തകർന്ന കെഎസ്‌ആർടിസി ബസുകൾ


നെടുമങ്ങാട്‌ നെടുമങ്ങാട്‌ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് നാൽപ്പതിലധികം പേര്‍ക്ക്‌ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ നെടുമങ്ങാട് വിഐപി ജങ്ഷന്‌ സമീപം വ്യാഴം രാവിലെ 9.30നായിരുന്നു അപകടം. തിരുവനന്തപുരത്ത്‌ പോയി പൊന്മുടിയിലേക്ക് മടങ്ങുകയായിരുന്ന ഓർഡിനറിയും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറുമാണ്‌ കൂട്ടിയിടിച്ചത്. പാലോടുനിന്നും വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ഓട്ടോയെ മറികടക്കുന്നതിനിടെ എതിരെ വന്ന ഓർഡിനറിയിൽ ഇടിക്കുകയായിരുന്നു. ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകർന്നു. താടിയെല്ലിനും പല്ലിനും ഗുരുതരമായി പരിക്കേറ്റ തൊളിക്കോട് ഗവ. ആശുപത്രിയിലെ ഡോക്ടർ ലിബിനയെ (43) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ മുഖത്ത്‌ തുന്നലിട്ടു. കമ്പിയിൽ മുഖമിടിച്ചായിരുന്നു ഇവർക്ക്‌ പരിക്കേറ്റത്‌. പിഎച്ച്സിയിൽ ഡ്യൂട്ടിക്ക്  വരികയായിരുന്നു. ഓർഡിനറി ബസിന്റെ ഡ്രൈവർ ആനാട് സ്വദേശി ദിനേശ് കുമാറിന്റ കാലുകൾക്ക്‌ പൊട്ടലുണ്ടായി. സ്റ്റിയറിങ് സീറ്റിനിടയിൽ കുടുങ്ങിപ്പോയ ദിനേശ് കുമാറിനെ ഡോർ പൊളിച്ചാണ്‌ പുറത്തെടുത്തത്. നാൽപ്പതോളം പേർ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവർ 
ആശുപത്രി വിട്ടു തിരുവനന്തപുരം വ്യാഴം രാവിലെയുണ്ടായ രണ്ട്‌ ബസപകടങ്ങളിൽ പരിക്കേറ്റ 14 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് 12 പേരെയും നെടുമങ്ങാട്ട്‌ നിന്നും രണ്ടുപേരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ എല്ലാവരും ആശുപത്രി വിട്ടു.   വാഹനങ്ങൾ കൂട്ടിയിടിച്ച്‌ ഒരാൾക്ക്‌ പരിക്ക്‌ തിരുവനന്തപുരം   തമ്പാനൂർ മോഡൽ സ്കൂൾ ജങ്‌ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്‌ ഒരാൾക്ക്‌ പരിക്ക്‌. വ്യാഴം വൈകിട്ട്‌ 6.30നായിരുന്നു അപകടം. തമ്പാനൂർ സ്റ്റാൻഡിൽനിന്നും  കൊട്ടാരക്കരയിലേക്ക് പോയ കെഎസ്ആർടിസി ബസ്‌ മോഡൽ സ്കൂൾ ജങ്‌ഷനിൽ സിഗ്നലിന് സമീപം മുന്നിലുണ്ടായിരുന്ന കാറിന് പിന്നിൽ  ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ഈ വാഹനം  മുന്നിലെ സ്വിഫ്റ്റ് കാറിലും കാർ അതിനു മുന്നിലെ ഓട്ടോയിലും ഇടിച്ചു. റോഡിന്‌ എതിർവശത്തേക്ക് ഇടിച്ചു കയറിയ ഓട്ടോ പൂർണമായി തകർന്നു.  ഓട്ടോ ഡ്രൈവർ ഗണേശനും യാത്രക്കാരൻ സുബ്ബയ്യനുമാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. ഗതാഗതം തടസ്സപ്പെട്ടു.       Read on deshabhimani.com

Related News