അതിഥിത്തൊഴിലാളികൾക്ക്‌ സംരക്ഷണമൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം: മന്ത്രി



  തിരുവനന്തപുരം  അതിഥിത്തൊഴിലാളികളെ സംരക്ഷിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങൾ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് തുക ചെലവഴിക്കാൻ തയ്യാറാകണം.  ഭക്ഷണം, ശുചീകരണ വസ്തുക്കൾ, മറ്റ് അവശ്യവസ്തുക്കൾ, വൃത്തിയുള്ള താമസ സ്ഥലം എന്നിവ ഉറപ്പാക്കണം. ഇക്കാര്യത്തിൽ തെറ്റായ മനോഭാവം പുലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിൽ അതിഥിത്തൊഴിലാളികളുടെ സൗകര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കരാറുകാരുടെ കീഴിലുള്ള തൊഴിലാളികളുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ കരാറുകാർ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട അതിഥിത്തൊഴിലാളികളുടെ കാര്യത്തിൽ അതാതിടത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധ പതിപ്പിച്ചേ തീരൂ. ജില്ലയിലെ വിവിധ തൊഴിലാളി ക്യാമ്പുകൾ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. സർക്കാർ സംവിധാനം ഉപയോഗിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  കലക്ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ബി അശോക്, എഡിഎം വി ആർ വിനോദ് , അസി. കലക്ടർ അനുകുമാരി, ജില്ലാ ലേബർ ഓഫീസർ വിജയകുമാർ, മറ്റ് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.     Read on deshabhimani.com

Related News