വെറുതെയിരിക്കാനല്ല ഈ ‘ഗൃഹസ്ഥാശ്രമം’



  തിരുവനന്തപുരം ലോക്ക്‌ഡൗൺ ദിനങ്ങളിൽ വെറുതെയിരിക്കണ്ട, 21 നാൾ നീണ്ട ഗൃഹസ്ഥാശ്രമം സന്തോഷകരമാക്കാനുള്ള നുറുങ്ങുവിദ്യകൾ കവിതയിലൂടെ പറയുകയാണ്‌ ഗായകൻ കാവാലം ശ്രീകുമാർ. അവതരണമികവുകൊണ്ടും വരികൾകൊണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടി “ഗൃഹസ്ഥാശ്രമം’എന്ന കവിത.  കമ്പംമേട്‌ സി ഐ സുനിൽകുമാറിന്റേതാണ്‌ വരികൾ. കവിത പാടുന്ന വീഡിയോ കാവാലം ശ്രീകുമാറാണ്‌ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചത്‌.  കുറഞ്ഞ സമയത്തിനുള്ളിൽ നിരവധിപേർ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. പാചകംമുതൽ വ്യായാമംവരെയുണ്ട്‌ കവിതയിൽ. വീട്ടിലിരിക്കുമ്പോൾ കുഞ്ഞുങ്ങളോട്‌ കുശലം പറയാം. മുതിർന്നവരുടെ അറിവുകൾ പങ്കുവയ്‌ക്കുകയും ചെയ്യാം. പച്ചക്കറിത്തൈ നടാമെന്നും പൂച്ചെടിച്ചോട്ടിലെ മണ്ണിളക്കാമെന്നും പറയുകയാണ്‌. നമ്മൾ മറന്നുപോകുന്ന, മടി പിടിച്ച്‌ ഒഴിവാക്കുന്ന കൊച്ചുകൊച്ചുകാര്യങ്ങൾ ഓർമപ്പെടുത്തുകയാണ്‌ “ഗൃഹസ്ഥാശ്രമം’. വാട്ടർ ടാങ്ക്‌ ക്ലീൻ ചെയ്യുന്നത്‌ മുതൽ ജനൽചില്ലുകൾ തുടച്ചുവൃത്തിയാക്കുന്നത്‌ വരെ എന്തെല്ലാം ചെയ്യാനുണ്ട്‌ വീട്ടിലിരിക്കുന്ന ഈ കാലത്ത്‌. ഒപ്പം വായനയും എഴുത്തുമൊന്നും വിട്ടുകളയേണ്ട.  പകലുകൾ സ്വർഗീയമാക്കി കൊറോണയെ പിടിച്ചുകെട്ടാമെന്ന്‌ പറഞ്ഞാണ്‌ കവിത അവസാനിക്കുന്നത്‌. രസകരമായ വരികളും കൗതുകം തോന്നുന്ന അവതരണത്തിനും മികച്ച പ്രതികരണമാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്‌.   Read on deshabhimani.com

Related News