ഹൃദയംകൊണ്ട്‌ കേൾക്കാം ഹൃദ്യഗാനങ്ങൾ



  തിരുവനന്തപുരം  എൺപത്തിനാലുകാരനായ ഡോ. വീരമണിമുതൽ പന്ത്രണ്ടുകാരിയായ അമൃത ഉൾപ്പെടെയുള്ളവരുടെ  ഹൃദ്യഗാനങ്ങളുമായി വീട്ടിലിരുപ്പിന്റെ വിരസത മാറ്റുകയാണ്‌  ‘ഹൃദയരാഗം ഫാമിലി മ്യൂസിക് ക്ലബ്’.  ക്ലബ് അംഗങ്ങൾ പാടുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ കുടുംബങ്ങളിൽ എത്തിക്കുകയാണ്. ഇവരുടെ ഗാനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിത്തുടങ്ങി. നൂറോളം കുടുംബങ്ങളുള്ള ഈ ക്ലബ്ബിൽ അമ്പതിലേറെ ഗായകരുണ്ട്. ഇതിൽ സ്കൂൾ വിദ്യാർഥികൾ, ജീവനക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരുമുണ്ട്. എല്ലാമാസവും അവസാനത്തെ  ഞായറാഴ്‌ച ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി ഗാനമേള അവതരിപ്പിക്കുകയാണ് പതിവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒത്തുചേരൽ കഴിയാതെ വന്നപ്പോൾ ഭാരവാഹികളായ പി എസ് വേണുഗോപാലും സെക്രട്ടറി അഡ്വ. ജി ടി പ്രദീപും ക്ലബ്ബിന്റെ വാട്ട്സാപ്‌, ഫെയ്‌സ്ബുക്‌ ഗ്രൂപ്പുകളിൽ ‘ലൈവായി പാടാം’ എന്ന ആശയം അവതരിപ്പിച്ചു. ആഴ്‌ചയിൽ ഒരു പാട്ട് ലൈവായി പാടി പോസ്റ്റ് ചെയ്യുക എന്ന  നിലയിലാണ് തുടങ്ങിയത്. എന്നാൽ, ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക്‌ പലരും പോസ്റ്റ് ചെയ്‌തുതുടങ്ങിയപ്പോൾ ആസ്വാദകർ കൂടി. അതിനാൽ നിലവിൽ എല്ലാ ദിവസവും ഗായകർ പാട്ട് പോസ്റ്റ് ചെയ്തുതുടങ്ങി. ലോക്ക്ഡൗൺ തീരുന്നതുവരെ കുടുംബങ്ങൾക്ക് ഹൃദ്യമായ ഗാനങ്ങൾ കേൾപ്പിക്കാനാണ്‌ തീരുമാനം.       Read on deshabhimani.com

Related News