അനധികൃത സ്വത്ത് സമ്പാദനം: വി മുരളീധരനെതിരെ ഇഡിക്ക്‌‌ പരാതി



കോഴിക്കോട്‌ > കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ലോക്‌താന്ത്രിക്‌ യുവജനതാദൾ ദേശീയ പ്രസിഡന്റ്‌‌ സലീം മടവൂർ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടർക്ക്‌ പരാതി നൽകി. ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന്‌  രാജ്യസഭാ തെരഞ്ഞെടുപ്പിൽ സത്യവാങ്‌മൂലം നൽകിയ മുരളീധരന്റെ‌ കഴക്കൂട്ടത്തും ഡൽഹിയിലുമുള്ള ഓഫീസുകളിലായി പന്ത്രണ്ടോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്‌. ഇവർക്ക്‌ ശമ്പളം  നൽകാനാവശ്യമായ വരുമാനം‌ എവിടെ നിന്നാണെന്ന്‌ അന്വേഷിക്കണം. പന്തളത്ത്‌ മണികണ്‌ഠൻ ആൽത്തറ-–-പന്തളം ജങ്‌ഷൻ റോഡിൽ രാജേഷ്‌ എന്നയാളുടെ പേരിൽ പണിതീരുന്ന പത്ത്‌ കോടിയിൽപരം മുതൽമുടക്കുള്ള കെട്ടിടത്തിന്റെ യഥാർഥ ഉടമ രാജേഷല്ലെന്നും ഇദ്ദേഹത്തിന്‌ ഇതിനാവശ്യമായ സാമ്പത്തികസ്രോതസ്സില്ലെന്നും പരാതിയിൽ പറയുന്നു. ഇതിന്‌ പണം മുടക്കിയത്‌ ആരാണെന്ന്‌ അന്വേഷിക്കണം. നെയ്യാറ്റിൻകരയിൽ ഈയിടെ മാനേജ്‌മെന്റ്‌ കൈമാറ്റം നടന്ന ശിവാജി എൻജിനിയറിങ്‌ കോളേജിന്റെ പുതിയ മാനേജ്‌മെന്റിൽ ബിനാമികളുണ്ടോയെന്ന്‌ പരിശോധിക്കണം. ഓരോരുത്തരുടെയും സാമ്പത്തികസ്രോതസ്സ്‌‌ പരിശോധിക്കണം. മണപ്പുറം, പോപ്പുലർ ഫിനാൻസ്‌ സ്ഥാപനങ്ങളിൽ ചില കേന്ദ്രമന്ത്രിമാർക്ക്‌ ബിനാമി നിക്ഷേപമുണ്ടോയെന്നും   പരിശോധിക്കണം.  സ്വർണക്കടത്ത്‌ നടന്നത്‌ നയതന്ത്രബാഗിലാണെന്ന്‌ പ്രധാനമന്ത്രി ഇരിക്കേ  പാർലമെന്റിൽ കേന്ദ്ര ധനസഹമന്ത്രി അനുരാഗ്‌ ഠാക്കൂർ വ്യക്തമാക്കിയിട്ടും  മുരളീധരൻ അത്‌ നിഷേധിക്കുന്നത്‌ ദുരൂഹമാണ്‌. മുരളീധരന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ പരിശോധിക്കണമെന്ന്‌ പരാതിയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News