മെഡി. കോളേജിൽ നൂതന ഐസിയു ; ഒരേസമയം 40 പേരെ ചികിത്സിക്കാം



കാക്കനാട്‌ അടിയന്തരസാഹചര്യം നേരിടാൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്രപരിചരണവിഭാഗം (ഐസിയു) സജ്ജമായി. യന്ത്രസഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ കിടക്കകൾക്കും വെന്റിലേറ്റർ പിന്തുണയുണ്ട്‌. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെവരെ ഒരേസമയം വെന്റിലേറ്ററിൽ ചികിത്സിക്കാൻ കഴിയും. ഇതോടെ മെഡിക്കൽ കോളേജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി. ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്സ് സംവിധാനം, രണ്ടു ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, മൂന്ന്‌ വീഡിയോ ലാറിങ് ഗോസ്കോപ്, അൾട്രാ സൗണ്ട്, ഡിജിറ്റൽ എക്സ്റേ എന്നിവയും ഐസിയുവിൽ സജ്ജീകരിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് സോഫ്റ്റ്‌വെയറിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കോവിഡ് പശ്ചാത്തലത്തിൽ സെൻട്രലൈസ്ഡ് എസി വിച്ഛേദിച്ച് ടവർ എസിയിലും ഐസിയു പ്രവർത്തിപ്പിക്കാൻ സംവിധാനമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സിസിടിവി ക്യാമറ ശൃംഖലയും ഒരുക്കിയിരിക്കുന്നു. അണുബാധ തടയുന്നതിനായി വാതിലുകൾ ഹൈ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. തറയിലും ചുവരുകളിലും വിട്രിഫൈഡ് ടൈലുകൾ പതിച്ചതും കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായാണ്. പിഡബ്ല്യുഡി നവീകരിച്ച് പണിത കെട്ടിടത്തിലാണ് ഐസിയു ബ്ലോക്ക്. അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനായി ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് ഒരുകോടി രൂപയും ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽനിന്ന് ഒരുകോടി രൂപയും ബിപിസിഎലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽനിന്ന് ഒരുകോടി രൂപയും ലഭിച്ചു. Read on deshabhimani.com

Related News