സ്‌കൂൾ വിദ്യാർഥികൾക്കുനേരെ 
പാഞ്ഞടുത്ത്‌ സ്വകാര്യ ബസ്‌; ആശങ്ക



മട്ടാഞ്ചേരി മറ്റുവാഹനങ്ങളെ അമിതവേഗത്തിൽ മറികടന്ന്‌ വിദ്യാർഥികൾക്കുനേരെ സ്വകാര്യ ബസ്‌ പാഞ്ഞടുത്തത്‌ പരിഭ്രാന്തി പരത്തി. തോപ്പുംപടി ഔവർ ലേഡീസ് കോൺവന്റിന്റെ പ്രധാന കവാടത്തിനുമുന്നിൽ ബുധൻ രാവിലെ 9.12നാണ് സംഭവം. ഈ സമയം സ്കൂളിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾ കുറവായതിനാൽ വൻദുരന്തം ഒഴിവായി. ട്രാഫിക് പൊലീസ് കേസെടുത്തു. സ്കൂളിനുമുന്നിൽ ഗതാഗതക്കുരുക്കേറിയ സമയത്താണ്, എറണാകുളത്തേക്ക് പോകുന്ന ജനതാ എന്ന സ്വകാര്യ ബസ് പാഞ്ഞുവന്നത്. നടപ്പാതയിലൂടെ പോയ പത്തോളം വിദ്യാർഥികൾക്കുനേരെയാണ് ബസ് പാഞ്ഞടുത്തത്. വിദ്യാർഥികൾ ഭയന്ന്‌ ബഹളംവച്ചതോടെ മറ്റ്‌ കാൽനടയാത്രികർ വിദ്യാർഥികളെ സമീപത്തെ കടയിലേക്ക് ഒതുക്കിനിർത്തി. സ്കൂളിനുമുന്നിൽ വിദ്യാർഥികൾക്ക് മതിയായ സുരക്ഷ പൊലീസ്‌ ഉറപ്പുവരുത്തണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടു. ഇവിടെ ഇടുങ്ങിയ റോഡും ചെറിയ നടപ്പാതകളുമാണ്. ഒരു ബസ് പോകുമ്പോൾത്തന്നെ, എതിർവശത്തുനിന്ന് മറ്റ് വാഹനങ്ങൾ വരുമ്പോൾ യാത്ര ബുദ്ധിമുട്ടാണ്. ഈ വാഹനങ്ങളുടെ ഇടയിലൂടെയാണ് നാലായിരത്തിലധികം വിദ്യാർഥികൾ സ്കൂളിൽ പ്രവേശിക്കുന്നത്. ഇവിടെ ഗതാഗത ക്രമീകരണങ്ങളില്ല. Read on deshabhimani.com

Related News