ദേശീയ വിദ്യാഭ്യാസനയം സാമൂഹ്യനീതി ഇല്ലാതാക്കും : എഫ്‌യുടിഎ



കൊച്ചി വിദ്യാഭ്യാസത്തിന്റെ മൗലികതയെ തകർത്ത്‌ സാമൂഹ്യനീതിയെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയമെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്‌യുടിഎ) പ്രസ്താവനയിൽ പറഞ്ഞു. യുജിസി പോലുള്ളവയ്‌ക്ക് പൂട്ടിട്ട്‌  പ്രധാനമന്ത്രി നേരിട്ട് വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന നയം ഫെഡറലിസത്തെ വെല്ലുവിളിക്കലാണ്. ലോകത്തെ കൊടിവച്ച ഏകാധിപതികൾപോലും അക്കാദമിക പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടില്ല. ഗവേഷണ വിഷയങ്ങൾ കെട്ടി ഇറക്കിയും എന്തെഴുതണമെന്ന്‌ കൽപ്പിച്ചും അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന നിയന്ത്രണങ്ങൾ വിദ്യാഭ്യാസരംഗത്ത് ബോധപൂർവം നടപ്പാക്കുകയാണ്. വിദേശ സർവകലാശാലകൾക്ക് യഥേഷ്ടം വഴിയൊരുക്കാനും ‌പൊതുവിദ്യാലയങ്ങളെ അരികുവൽക്കരിച്ച്  സാധാരണവിദ്യാർഥികളെ ഉന്നതപഠനരംഗത്തുനിന്ന് ഒഴിവാക്കാനുമുള്ള എല്ലാ പൊടിക്കൈകളും ഈ നയത്തിലുണ്ട്. സ്വയംഭരണം സാർവത്രികമാക്കി വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കാനും മത-ജാതി- താൽപ്പര്യങ്ങൾ പരിധിയില്ലാതെ വളരാനും ഈ നയം വഴിയൊരുക്കും.  ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനത്തിനെതിരെ  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഉയർന്ന പ്രതിഷേധം ഇനി ഉണ്ടാകരുതെന്ന താൽപ്പര്യമാണ് പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കി ധൃതിയിൽ ഈ നയം നടപ്പാക്കിയതിനു പിന്നിൽ. കേരളം രൂപപ്പെടുത്തിയ മഹത്തായ മൂല്യങ്ങളെയും ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ സാർവത്രികതയേയും തകർക്കുന്ന തെറ്റായ വിദ്യാഭ്യാസനയത്തിനെതിരെ അതിശക്തമായ ജനമുന്നേറ്റം ഉണ്ടാകണമെന്ന്‌ എഫ്‌യുടിഎ ജനറൽ സെക്രട്ടറി പ്രൊഫ. ഫസിലത്തിലും പ്രസിഡന്റ് ഡോ. ജിജു പി അലക്‌സും അഭ്യർഥിച്ചു. Read on deshabhimani.com

Related News