സാന്ദർഭികമായി സംഭവിച്ച തെറ്റിനെ പർവ്വതീകരിച്ചു; തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി: ചിന്ത ജെറോം



തിരുവനന്തപുരം> സാന്ദർഭികമായി വന്ന തെറ്റിനെ പർവ്വതീകരിച്ചാണ്  തനിക്കെതിരെ  തെറ്റിദ്ധരിപ്പിക്കുന്ന  വാർത്തകൾ നൽകിയതെന്നും പ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദിയുണ്ടെന്നും  ചിന്ത ജെറോം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രബന്ധത്തിൽ ഒരു വരിപോലും മറ്റൊരിടത്തുനിന്നും  പകർത്തിയെടുത്തിട്ടില്ല. നിരവധി തവണ റിവ്യൂ നടത്തിയിരുന്നു. എന്നിട്ടും തെറ്റ് വന്നു. അതിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപമാണുണ്ടായത്. സ്ത്രീയെന്ന പരിഗണനപോലും ലഭിച്ചില്ല. വിമർശങ്ങൾ തുറന്ന മനസോടെ ആണ് സ്വീകരിക്കുന്നത്. കഷ്ടപ്പെട്ട്  എഴുതിയ പ്രബന്ധം മോഷ്ടിച്ചതാണെന്ന് പറയരുത്. നോട്ടപിശകിൽ  ഉണ്ടായ  മാനുഷിക പിഴവാണത്.  ഈ ഒരു പരാമർശത്തിന്റെ പേരിൽ ഇത്ര വർഷം നടത്തിയ പൊതുപ്രവർത്തനം ഇല്ലായ്മ ചെയ്യാനാണ് നീക്കമെങ്കിൽ ചിരിച്ചുകൊണ്ട് നേരിടുമെന്നും ചിന്ത ജെറോം പറഞ്ഞു. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്ത ജെറോമിന്റെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍  ഗവേഷണം പൂര്‍ത്തിയാക്കി 2021 ൽ ഡോക്ടറേറ്റും നേടിയിരുന്നു. പ്രബന്ധത്തിൽ വന്ന ചില പരാമർശങ്ങളാണ് വിവാദങ്ങൾക്കിടയാക്കിയത്. Read on deshabhimani.com

Related News