"ഞങ്ങൾക്കിവിടെ എല്ലാമുണ്ട്‌...'

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്ന് 
ളാഹ മഞ്ഞത്തോട്ടിലേക്ക് മടങ്ങുന്ന രാജേന്ദ്രനും പൊന്നമ്മയും മക്കളും


 ളാഹ "ഞങ്ങൾക്ക് അവിടെ എല്ലാ പരിചരണവും ലഭിക്കുന്നുണ്ട്, ദിവസവും പെരുനാട്  പിഎച്ച്സിയിൽ നിന്ന് ആരോ​ഗ്യപ്രവർത്തകർ വന്ന്  വിവരങ്ങൾ  അന്വേഷിക്കുകയും ചെയ്യുന്നു'... ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ രാജേന്ദ്രൻ പറഞ്ഞു. എട്ടു മാസം ​ഗർഭിണിയായ ഭാര്യ പൊന്നമ്മയ്ക്ക് പരിചരണം നൽകുന്നതിൽ ഒരു കുറവും അവിടെയുള്ള ആരോ​ഗ്യ പ്രവർത്തകർ  വരുത്തിയിട്ടില്ല. ഏറുമാടത്തിലാണ് വർഷങ്ങളായി കഴിയുന്നത്.  വന്യ മൃ-​ഗങ്ങളിൽ നിന്നും  രക്ഷ നേടുന്നതിന് ഏറുമാടത്തിന് ചുറ്റും  വേലികെട്ടിത്തരണമെന്ന് പഞ്ചായത്ത് സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. അവർ അത് ചെയ്ത് തരാമെന്നും പറഞ്ഞിട്ടുണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞു. ഏറുമാടത്തിൽ താമസിക്കുന്ന ​ഗർഭിണിയടങ്ങുന്ന കുടുംബത്തിന്  വേണ്ട പരിചരണം ലഭിക്കുന്നില്ലെന്ന് ഒരു മാധ്യമത്തിൽ വാർത്ത വന്നതിനെ തുടർന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഉടൻ ഇടപെടുകയും ആരോ​ഗ്യ വകുപ്പിനോടും  ജില്ലാ വനിതാ ശിശു സാമൂഹ്യക്ഷേമ വകുപ്പിനോടും വേണ്ട സൗകര്യം ചെയ്യാൻ  നിർദേശിച്ചു. തുടർന്ന് വ്യാഴം രാവിലെ തന്നെ  വനിത ശിശുവികസന വകുപ്പ് അധികൃതരും ആരോ​ഗ്യപ്രവർത്തകരും  സ്ഥലത്തെത്തി. എട്ടുമാസം ​ഗർഭിണിയായ പൊന്നമ്മയ്ക്ക് മതിയായ ശുശ്രൂഷ ഉറപ്പാക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ ആശുപത്രിയിൽ  കഴിയാൻ വിസമ്മതിച്ചു.  വനത്തിൽ താമസിക്കുമ്പോഴും ഏറുമാടത്തിൽ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊന്നമ്മക്ക് വിളർച്ച രോഗമുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.  തങ്ങൾക്ക് ഇപ്പോൾ ബുദ്ധിമുട്ടില്ലെന്നും വേണ്ടിവന്നാൽ പിന്നീട് വരാമെന്നും പറഞ്ഞ് അവർ ളാഹയിലേക്ക് മടങ്ങുകായിരുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആംബുലൻസിൽ തന്നെ കുടുംബത്തെ വ്യാഴാഴ്ച  വൈകിട്ടോടെ ളാഹയിലെത്തിച്ചു.  പൊന്നമ്മയുടെ ഏഴാമത്തെ പ്രസവമാണിത്. ആദ്യ നാല് തവണയും കുട്ടികൾ മരിച്ചു. പിന്നീട് രണ്ട് പ്രസവത്തിലായി രണ്ടു കുട്ടികളുണ്ട്. മക്കളായ രാജമാണിക്യം(6), രാജമണി(4) എന്നിവരും ഇവർക്കൊപ്പം ഏറുമാടത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് മോഹനൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ സി എസ് സുകുമാരൻ, റോബിൻ കെ തോമസ്, നഴ്‌സുമാരായ ആർ ജി രാജീസ്, കെ ശാമില, മഞ്ജു, എസ്‌ ടി പ്രമോട്ടർ വി ബി വിജി എന്നിവരും സ്ഥലത്തെത്തിയിരുന്നു.  കുടുംബത്തിന് വേണ്ട എല്ലാ പരിചരണവും ഉറപ്പാക്കാൻ ആരോ​ഗ്യ മന്ത്രി വീണാ ജോർജ്  ആരോ​ഗ്യ വകുപ്പ് അധികൃതർക്ക് വേണ്ട നിർദേശം നൽകി.     Read on deshabhimani.com

Related News