"സർക്കാരിന്‌ നൻട്രി...നൻട്രി'

നാറാണംതോട് ബസപകടത്തിൽ പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശബരിമല 
തീർഥാടകരെ കലക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് യാത്രയാക്കുന്നു


 പത്തനംതിട്ട  "കേരള അരസാങ്കത്ത്‌ക്ക്‌ നൻട്രി...നൻട്രി...' (കേരള സർക്കാരിന്‌ നന്ദി)... ദൂരെനിന്നെത്തി അപകടത്തിൽപ്പെട്ടപ്പോൾ കൈവിടാത്ത നാടിനോട്‌ അവർ പറഞ്ഞു. നാറാണംതോട് ബസപകടത്തിൽ പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശബരിമല തീർഥാടകരെ നാട്ടിലേക്ക് യാത്രയാക്കി. കേരള സർക്കാരിനോടും കലക്ടർ ദിവ്യ എസ് അയ്യരോടും നന്ദി പറഞ്ഞാണ് തീർഥാടകർ മടങ്ങിയത്. തമിഴ്‌നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്കയച്ചത്. പൊലീസ് വാഹനത്തിൽ കൊട്ടാരക്കരയിൽ എത്തിക്കുന്ന തീർഥാടകർ അവിടെ നിന്നും ട്രെയിൻ മാർഗം നാട്ടിലേക്ക് യാത്രതിരിക്കും. ബസ് അപകടത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത് മുതൽ പരിക്കേറ്റവർക്ക് വേണ്ട എല്ലാ ചികിത്സാ സഹായങ്ങളും ഒരുക്കി സർക്കാർ ഒപ്പമുണ്ടായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ്, കൃഷിമന്ത്രി പി പ്രസാദ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, എംഎൽഎമാരായ അഡ്വ. കെ യു ജനീഷ്‌കുമാർ, അഡ്വ. പ്രമോദ് നാരായൺ എന്നിവർ തീർഥാടകരെ സന്ദർശിക്കുകയും പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ ഒരുക്കുകയും ചെയ്തു. കലക്ടർ ദിവ്യ എസ് അയ്യരും ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.     Read on deshabhimani.com

Related News