ഓടയില്ല, മലിനജലം വീട്ടുമുറ്റത്ത്‌



കൊടുമൺ പുനലൂർ–- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കൂടൽ, കലഞ്ഞൂർ പ്രദേശങ്ങളിലുണ്ടായ പരാതികൾക്ക് പരിഹാരം കാണാൻ കാലതാമസം നേരിടുന്നതായി ആക്ഷേപം. കൂടൽ ദേവിക്ഷേത്രത്തിനു സമീപം ഓടയില്ലാതെ റോഡ് പണിഞ്ഞതു മൂലം മഴ പെയ്യുമ്പോൾ റോഡിലെ വെള്ളം മുഴുവനും സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയിറങ്ങുന്നത്. റോഡിനേക്കാൾ താണുകിടക്കുന്ന സ്ഥലത്തെ വീടുകൾക്കിത് ഭീഷണിയാകുന്നു. മഴക്കാലത്ത് കുത്തിയൊലിച്ചിറങ്ങുന്ന മലിനജലം കിണറുകളിലേക്ക് ഊർന്നിറങ്ങി കുടിവെള്ളം മുട്ടിക്കുന്ന സ്ഥിതിയാണ്‌. ഇവിടങ്ങളിൽ ഓട നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത്‌ മന്ത്രിക്ക് പരാതി നൽകി. റോഡിലെ നിർമാണ ജോലികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മുറിഞ്ഞകൽ മുതൽ ഇടത്തറ വരെയുള്ള ഭാഗങ്ങളിൽ ടാറിങ്‌ നടത്തിയെങ്കിലും കലുങ്കുകളുടെയും ഓടയുടെയും നിർമാണം പൂർത്തീകരിക്കാത്തതു കാരണം റോഡ്‌ ലെവൽ ചെയ്യാതെ കിടക്കുകയാണ്.  വേനൽക്കാലമായതോടെ പൊടിശല്യവും രൂക്ഷമായി.  റോഡ് വശത്ത്‌ താമസിക്കുന്നവരും ഇരുചക്ര വാഹന യാത്രക്കാരും ഇതുമൂലം ദുരിതം അനുഭവിക്കുന്നു. കൂടൽ പാലത്തിന് സമീപം 100 മീറ്ററോളം ടാർ ചെയ്‌തിട്ടില്ല.  കലഞ്ഞൂർ പള്ളിയുടെ ഭാഗത്ത് റോഡിന് ഏറ്റെടുത്ത സ്ഥലം ഒഴിവാക്കി റോഡിലേക്കിറക്കിയാണ് ഓട നിർമിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു. കരാറുകാരന്റെ അനാസ്ഥ മൂലമാണ് നിർമാണം പൂർത്തീകരിക്കാത്തതെന്ന്‌ നാട്ടുകാർ പറയുന്നു. Read on deshabhimani.com

Related News