ഒരിത്തിരി ശ്വാസം കിട്ടുമോ...



പത്തനംതിട്ട മൂന്ന്‌ തരംഗങ്ങളായി വീശിയടിച്ച കോവിഡ്‌ കടന്നുപോയെന്ന്‌ ആശ്വസിച്ച്‌ ദീർഘനിശ്വാസമെടുക്കാൻ വരട്ടെ...അതിനുള്ള ശ്വാസം കിട്ടാനിടയില്ല. കോവിഡിന്‌ ശേഷം മിക്കവർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിക്കുന്നു. പനി വന്നാൽ ശ്വസകോശത്തിന്‌ ഇൻഫെക്ഷൻ ബാധിക്കാത്തവർ കുറവ്‌. സാധാരണ വൈറൽ പനി പോലും താങ്ങാനാവാത്ത സ്ഥിതിയിലേക്ക്‌ പൊതുജനാരോഗ്യം മാറുന്നുവെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലോങ്ങ്‌ കോവിഡ്‌ എന്നറിയപ്പെടുന്ന കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവർ കുറവാണ്‌. തുടർച്ചയായ കാലാവസ്ഥാ മാറ്റവും രോഗ പ്രതിരോധത്തിലുള്ള ശ്രദ്ധക്കുറവും എല്ലാ മാസവും രോഗമെന്ന അവസ്ഥയിലെത്തിക്കുന്നു.  മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ വൈറൽ പനി പിടികൂടുന്ന കാഴ്‌ചയാണ്‌ ചുറ്റും. കടുത്ത പനിയും ഛർദിയും ശരീരവേദനയും വയറിളക്കവുമെല്ലാമായി ആകെ തളർത്തി ക്കളയുന്ന വിധത്തിലാണ്‌ മിക്കവർക്കും ഇത്‌ വരുന്നത്‌. പനി വിട്ടുകഴിഞ്ഞാൽ തുടർച്ചയായ ചുമയും ശ്വാസതടസ്സവും കാണുന്നുണ്ട്‌. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളും തുടർച്ചയായ കാലാവസ്ഥാ വ്യതിയാനവും ഇത്തരം രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാകുമാരി പറഞ്ഞു.  സെപ്‌തംബറിൽ ഇതുവരെ 8193 വൈറൽ പനി കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ആഗസ്‌റ്റിൽ 7390ഉം ജൂലൈയിൽ 8903ഉം ആയിരുന്നു.  മാസ്‌കും സാനിട്ടൈസറും കൈ കഴുകലുമെല്ലാം പൂർണമായി ഉപേക്ഷിച്ചത്‌ രോഗങ്ങൾ പെട്ടെന്ന്‌ പടരാൻ കാരണമായി. പൊടി ശ്വസിക്കുന്നതുമൂലം അലർജി രോഗങ്ങളും വർധിക്കുന്നു.  ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ജൂലൈയിൽ 5419 ആയിരുന്നത്‌ ആഗസ്‌തിൽ 2428 ആയി. സെപ്‌തംബറിൽ ഇതുവരെ 3294 കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം മഴക്കാലത്തെ അപേക്ഷിച്ച്‌ കുറവാണ്‌. ജൂലൈയിൽ 12, ആഗസ്‌തിൽ എട്ട്‌, സെപ്‌തംബറിൽ ഏഴ്‌ എന്നിങ്ങനെയാണ്‌ ഡെങ്കിപ്പനി ബാധിച്ചവർ.  Read on deshabhimani.com

Related News