വഞ്ചനയുടെ മറ നീങ്ങി അപഹാസ്യരായി യുഡിഎഫ്



പത്തനംതിട്ട പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട് എൽഡിഎഫിനെതിരെ പ്രചരണം നടത്തിയ കോൺഗ്രസ് എംപിയും യുഡിഎഫും വെട്ടിലായി. ജനങ്ങളെ സംരക്ഷിക്കുന്നത് യുഡിഎഫ് ആണെന്ന് വരുത്തിതീർക്കാൻ വ്യാജപ്രചരണം നടത്തിയവരുടെ തനിനിറം യുഡിഎഫ് മന്ത്രിസഭ തീരുമാനം പുറത്തുവന്നതോടെ വെളിച്ചത്തായി. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. 10 മീറ്ററല്ല, 12 മീറ്ററാക്കാൻ  തീരുമാനിച്ച  മന്ത്രിസഭാ രേഖയാണ് പുറത്ത് വന്നത്.   എൽഡിഎഫ് മന്ത്രിസഭ പരിസ്ഥിതിലോല മേഖലയായി 10 മീറ്റർ നിർദ്ദേശിച്ചു എന്ന വ്യാജ പ്രചരണമാണ് ജില്ലയിൽ കോൺഗ്രസും  യുഡിഎഫും പ്രചരിപ്പിച്ചത്. യുഡിഎഫ് ഭരണകാലത്ത് 12 കിലോമീറ്ററാക്കാൻ മന്ത്രിസഭ തീരുമാനിച്ച കുറിപ്പ് വെളിയിൽ വന്നതോടെ കോൺഗ്രസിനും സ്ഥലം എംപിക്കും മിണ്ടാട്ടം ഇല്ലാതായി. യുഡിഎഫ് മന്ത്രിസഭാ തീരുമാനം മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ഇക്കൂട്ടരെന്ന് വ്യക്തമായി.   2013 മെയ് എട്ടിന്റെ മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ദേശാഭിമാനി തെളിവ് സഹിതം പുറത്തുകൊണ്ടുവന്നു. എൽഡിഎഫിനെതിരെ രാഷ്ട്രീയപ്രേരിതമായി ആരോപണമുന്നയിച്ച എംപി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിനായിരുന്നു കോണ്‍​ഗ്രസിന്റെ ശ്രമം.  ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിറ്റി രൂപീകരിച്ചതുതന്നെ കോൺഗ്രസ് സർക്കാരുകളാണ്. റിപ്പോർട്ടിൽ നടപടി വേണമെന്ന് ശക്തമായി വാദിച്ചതും കോൺഗ്രസ്. ഇതെല്ലാം മറച്ചുവെച്ചാണ് എൽഡിഎഫിനെതിരെ പ്രചരണം നടത്തിയത്. റവന്യൂ ഭൂമിയടക്കമാണ് പരിസ്ഥിതിലോല മേഖലയാക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്.  വനഭൂമി സംരക്ഷിക്കണമെന്നതോടൊപ്പം സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നതാണ് എൽഡിഎഫ് എക്കാലത്തും സ്വീകരിച്ച നയം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.  ജനങ്ങൾ വർഷങ്ങളായി കൃഷി ചെയ്തുവന്ന വനപ്രദേശത്ത് പട്ടയം അനുവദിക്കണമെന്നും എൽഡിഎഫ് സർക്കാരാണ്  ആവശ്യപ്പെട്ടത്.  ഇത് സംബന്ധിച്ച നടപടികൾ വേ​ഗത്തിലാക്കിയതും എൽഡിഎഫ് സർക്കാരും എൽഡിഎഫ് ജനപ്രതിനിധികളുമാണ്.  ജില്ലയിൽ  ആയിരക്കണക്കിന് കുടുംബം ഈ പട്ടയത്തിന് കാത്തിരിക്കുന്നു. വനം മന്ത്രി നേരിട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് ഇക്കാര്യത്തിൽ അടിന്തരമായി നടപടി എടുക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച അന്തിമ  ഘട്ടത്തിലാണ്. ആ​ഗസ്തിൽ പട്ടയം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News