വൈദ്യുതിലൈനിൽ തട്ടി 
കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു



കോഴഞ്ചേരി  അയിരൂരിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്‌നർ ലോറിക്ക്‌ തീപിടിച്ചു. ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം ബുധനാഴ്‌ച പകൽ  2.30നാണ് സംഭവം. റാന്നിയിൽ ഫർണിച്ചറുകൾ ഇറക്കി തിരികെ അയിരൂർ ഭാഗത്തേക്ക് വരുകയായിരുന്ന ഹരിയാന രജിസ്ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകൾ ഭാഗം ലൈനിൽ തട്ടി തീ പിടിച്ചത് കണ്ട സ്കൂട്ടർ യാത്രക്കാർ ബഹളം വെച്ചാണ് ലോറിയിലുണ്ടായിരുന്നവരെ അറിയിച്ചത്.  ലോറിയിൽ ഡ്രൈവറെ കൂടാതെ നാലു പേർകൂടി ഉണ്ടായിരുന്നു. പരിക്കേൽക്കാതെ എല്ലാവരും രക്ഷപെട്ടു.  അപകട വിവരം അറിഞ്ഞെത്തിയ നാട്ടുകാരും റാന്നിയിൽ നിന്നെത്തിയ രണ്ട്‌ യൂണിറ്റ് അഗ്നിശമന സേനയും പത്തനംതിട്ടയിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്. ഗതാഗതം സുഗമമാക്കാൻ ഭാഗികമായി കത്തിയ ലോറി റോഡിൽ നിന്ന് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയിട്ടു. അപകടസ്ഥലത്തെത്തിയ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം വി പ്രസാദ്, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, പഞ്ചായത്തംഗം കെ ടി സുബിൻ, മനു അയിരൂർ, അജി എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റാന്നിയിൽ നിന്നും കോഴഞ്ചേരിയിലേക്കുള്ള പ്രധാന പാതയിലെ പുതമൺ പാലം തകർന്നതുമൂലം ഇപ്പോൾ ബസ്സുകളും  വലിയ ട്രക്കുകളും ലോറികളും കീക്കൊഴൂർ –- പെരൂച്ചാൽ പാലത്തിലൂടെ കയറി ചെറുകോൽപ്പുഴ - റാന്നി  റോഡിലെത്തിയാണ് പോകുന്നത്.   Read on deshabhimani.com

Related News