രണ്ടുദിവസത്തിനിടെ 600 കേസ്‌; 589 അറസ്റ്റ്



 പത്തനംതിട്ട ലോക് ഡൗൺ നിർദേശങ്ങളുടെ ലംഘനത്തിന്‌ കുറവില്ല, അതിനാൽ  കേസുകളും വർധിക്കുന്നതായി കണക്കുകൾ. രണ്ടുദിവസത്തിനിടെ ജില്ലയിൽ ആകെ 600 കേസുകൾ രജിസ്റ്റർ ചെയ്തതായും 589 പേരെ അറസ്റ്റ് ചെയ്തതായും 481 വാഹനങ്ങൾ പിടിച്ചെടുത്തതായും ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തുകടന്നതിന് എടുത്ത 12 കേസുകളും ഇതിൽപെടുന്നു. കോവിഡ് 19 വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ എല്ലാതലങ്ങളിലും തുടരുമ്പോഴും ജനങ്ങൾ ലോക് ഡൗൺ നിർദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്നത് ഒട്ടും ആശാസ്യമല്ല. വ്യക്തമായ ആവശ്യങ്ങൾക്കല്ലാതെ ആളുകൾ വാഹനങ്ങളുമായും അല്ലാതെയും പുറത്തിറങ്ങുന്നതും വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നവർ അതു ലംഘിക്കുന്നതും  തടയുമെന്നും നിയമ നടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രധാന റോഡിലൂടെയുള്ളതും ഉൾവഴികളിലൂടെയുള്ളതുമായ  എല്ലാ വാഹനഗതാഗതവും ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടത്തി നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോകളും വീഡിയോകളും പരിശോധിച്ച് നിയമ നടപടി  തുടരുമെന്നും  പൊലീസ് മേധാവി അറിയിച്ചു.    Read on deshabhimani.com

Related News