അതിഥി തൊഴിലാളി ക്യാമ്പുകൾ ജനീഷ് കുമാർ സന്ദർശിച്ചു



 കോന്നി  കോന്നിയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റും, പൊലീസ് , റവന്യൂ,ഹെൽത്ത് ഉദ്യോഗസ്ഥരുമടക്കമുള്ള സംഘം സന്ദർശിച്ചു. ലോക്ക് ഡൗൺ നടപ്പിലാക്കിയതിനാൽ അതിഥി തൊഴിലാളികൾ തൊഴിലില്ലാതെ ക്യാമ്പുകളിൽ കഴിയുന്ന അവസ്ഥയാണ്.ഇവർക്ക് ആഹാരം, മരുന്ന്, കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യം തുടങ്ങിയവ ഉറപ്പാക്കേണ്ടതുണ്ട്.ഇവരുടെ താമസ സൗകര്യം സുരക്ഷിതമാക്കാനുള്ള നടപടിയും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ഭാഗമായി എടുത്തിട്ടുള്ള നടപടികളെ സംബന്ധിച്ച് പരിശോധിക്കാനും, അപര്യാപ്തതകൾ ഉണ്ടെങ്കിൽ പരിഹരിക്കാനുമാണ് സംഘം സന്ദർശനം നടത്തിയത്. സംഘം തൊഴിലാളികളുടെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി. ആഹാരത്തിന് നിലവിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ലെങ്കിലും ജോലി ഇല്ലാത്തതിനാൽ ബുദ്ധിമുട്ടാകാനുള്ള സാധ്യത തൊഴിലാളികൾ പറഞ്ഞു.ജോലി ഇല്ലാത്തതിനാൽ വാടക കൊടുക്കാൻ കഴിയാത്ത പ്രശ്നവും തൊഴിലാളികൾ പറഞ്ഞു.എല്ലാ തൊഴിലാളികൾക്കും ആഹാരം നല്കുമെന്ന് എംഎൽഎ ഉറപ്പ് നല്കി. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളുടെയും, കോൺട്രാക്ടർമാരുടെയും യോഗം  വിളിക്കാൻ എംഎൽഎ പൊലീസിന്‌ നിർദ്ദേശം നല്കി.  ജോലിയില്ലാത്ത കാലയളവിൽ വാടക ഒഴിവാക്കി കൊടുക്കണമെന്നും, അല്ലാത്തപക്ഷം കോൺട്രാക്ടർമാർ ആവശ്യമായ ക്രമീകരണം നടത്തണമെന്നും എംഎൽഎ നിർദ്ദേശിച്ചു.ആരോഗ്യ പ്രശ്നങ്ങൾ ആരോഗ്യ വകുപ്പ് കൃത്യമായി നിരീക്ഷിക്കണം.അതിനുള്ള ക്രമീകരണങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ ഏർപ്പെടുത്തണം. തൊഴിലാളികളുടെ ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവസ്തുക്കൾ നല്കാൻ സിവിൽ സപ്ലെയ്സ് വകുപ്പ് അധികൃതരുമായി ചർച്ച നടത്തും. താമസ സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പഞ്ചായത്ത് തൊഴിലാളികളുടെ താമസം ക്യാമ്പുകളിലേക്ക് മാറ്റണമെന്നും എംഎൽഎ നിർദ്ദേശിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് എം രജനി, മുൻ പ്രസിഡന്റ് ശ്യാംലാൽ, ഡിവൈഎസ്‌‌പി സുധാകരൻ പിള്ള, സർക്കിൾ ഇൻസ്പെക്ടർ എസ് അഷദ്, ഡെപ്യൂട്ടി തഹസിൽദാർ സജീവ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു എന്നിവർ കൂടെയുണ്ടായി.     Read on deshabhimani.com

Related News