കര കയറാനാവാതെ ക്ഷീരമേഖല

പശുവിനെ മേയ്ക്കാനെത്തുന്ന ക്ഷീരകർഷകൻ (ഫയൽ ചിത്രം)


പത്തനംതിട്ട  കോവിഡും ലോക്‌ഡൗണും പിന്നാലെ വന്ന മഴയും വെള്ളപ്പൊക്കവുമെല്ലാം ദുരിതത്തിലാക്കിയത്‌ ക്ഷീരമേഖലയെ കൂടിയാണ്‌. പശുവിൽനിന്നുള്ള വരുമാനംകൊണ്ട്‌ ജീവിക്കുന്ന നിരവധി കുടുംബങ്ങൾ പട്ടിണിയായി. ദുരിതങ്ങളിൽനിന്ന്‌ കരകയറാനുള്ള ശ്രമത്തിലാണിവർ.  കോവിഡ്‌ വ്യാപനത്തിന്റെ ഒന്നാംഘട്ടത്തിൽ പിടിച്ചുനിൽക്കാൻ സാധിച്ചെങ്കിലും രോഗവ്യാപനം രൂക്ഷമായതോടെ പലരും കന്നുകാലി വളർത്തലിൽനിന്നും പിന്മാറാൻ തുടങ്ങി. ആളുകൾ വീട്ടിനുള്ളിലായതോടെ പാൽ വിതരണം പലയിടത്തും മുടങ്ങി. വീട്ടിലേക്ക്‌ പാൽക്കാരൻ പോലും വരേണ്ടെന്ന നിലപാട്‌ പലരും എടുത്തതോടെ മിക്കവരുടെയും കച്ചവടം മുടങ്ങി.  കാലിത്തീറ്റയുടെ വില വർധനവും പ്രതിസന്ധിഘട്ടത്തിൽ  ജോലിക്കാരുടെ അഭാവവും ചെറുകിട ഫാമുകളുടെ പ്രവർത്തനം ഭാഗികമായി നിലക്കാൻ കാരണമായി. പാലുൽപാദനത്തിൽ വൻ കുറവ് അനുഭവപ്പെട്ടതായി മിൽമയും പറയുന്നു. ക്ഷീരവികസന വകുപ്പിന്റെ  കണക്കുപ്രകാരം ജില്ലയിൽ പ്രതിദിന പാലുൽപാദനം 6500 ലിറ്റർ ആണ്. വിപണിയിൽ ആവശ്യമായി വരുന്നത് 8500 ലിറ്ററും. തട്ടയിൽ പ്രവർത്തിക്കുന്ന മിൽമയുടെ ഫാക്ടറിയിൽ 180 ഓളം അംഗീകൃത ക്ഷീര സഹകരണ സംഘങ്ങൾ വഴി 4300ഓളം ലിറ്റർ പാൽ വരുന്നുണ്ട്.  വിപണിയിലെ ആവശ്യകത മുൻനിർത്തി മറ്റു ജില്ലകളിൽ നിന്നും പതിനായിരത്തോളം ലിറ്റർ പാൽ ദിവസവും ഇവിടെ എത്തിക്കുന്നു. ജില്ലയിൽ 14 ഫില്ലിങ്‌ സെന്ററുകൾ മിൽമയുടെയായി പ്രവർത്തിക്കുന്നുണ്ട്.  ജില്ലയിൽ രജിസ്റ്റർ ചെയ്ത എണ്ണായിരത്തോളം ക്ഷീരകർഷകരാണുള്ളത്. അതിനനുസരിച്ച് പാലിന് വില കിട്ടുന്നില്ലെന്നതാണ് കർഷകരുടെ പരാതി. വരവിന്റെ 80 ശതമാനം ചെലവും 20 ശതമാനം  മിച്ചവും എന്ന നിലയിലാണ് ഇപ്പോൾ ക്ഷീരമേഖല പ്രവർത്തിക്കുന്നത്. നേരിട്ട് വീടുകളിൽ പാലെത്തിച്ചാൽ വിലയിൽ അൽപം ആശ്വാസം കിട്ടും. ഇത്തരം വിൽപനയെ ആണ്‌ കോവിഡ് വ്യാപനം ഇല്ലാതാക്കിയത്‌.   ഓമല്ലൂർ പഞ്ചായത്തിൽ  ഐമാലിയിലും വാഴമുട്ടത്തും ആണ് പാൽ സംഭരണ കേന്ദ്രങ്ങൾ ഉള്ളത്. ഇലന്തൂർ ബ്ലോക്കിലെ പ്രധാന പാൽ സംഭരണ കേന്ദ്രങ്ങളിലൊന്നാണ് ഐമാലിയിലേത്. ഏകദേശം 500 ലിറ്റർ പാൽ ഇവിടെ നേരിട്ട് സംഭരിക്കുന്നു. കൂടാതെ സൊസൈറ്റികളിൽനിന്നും പാൽ ശേഖരിക്കാറുണ്ട്. പിണറായി സർക്കാരിലാണ് പ്രതീക്ഷയെന്ന്‌ ക്ഷീര കർഷകർ പറയുന്നു. Read on deshabhimani.com

Related News