എലിപ്പനിയെ പേടിക്കണം



 പത്തനംതിട്ട  ജില്ലയിൽ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നതായി  റിപ്പോർട്ട്‌. എലിപ്പനി റിപ്പോർട്ട്‌ ചെയ്യുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെന്ന്‌  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ  അനിതകുമാരി അറിയിച്ചു. വെളളക്കെട്ടുകളിൽ ഇറങ്ങുന്നവരും തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവരും  ഡോക്ടറുടെ നിർദേശ പ്രകാരം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.  രോഗബാധ സാധ്യത കൂടുതലുളളവർക്കും  ഡോക്സിസൈക്ലിൻ ഗുളിക  നൽകാം.  200 എംജി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഓരോ ഡോസ് വീതം ആഹാരത്തിനു ശേഷം കഴിക്കുന്നത് രോഗബാധ തടയാൻ  സഹായകമാകും.  ആറ് ആഴ്ച വരെ തുടർച്ചയായി പ്രതിരോധ മരുന്ന് നൽകാം.  ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.   ഓടകളും കനാലുകളും വൃത്തിയാക്കുന്നവർ, പാടത്തും പറമ്പിലും പണി എടുക്കുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ തുടങ്ങിയവർ ഡോക്ടറുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.  ഒഴുക്കില്ലാത്ത കെട്ടി നിൽക്കുന്ന വെളളത്തിൽ കുളിക്കുകയോ കൈകാലുകൾ കഴുകുകയോ അരുത്.  വെളളത്തിൽ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ കട്ടിയുളള കൈയുറ, കാലുറ(ഗംബൂട്ട്) എന്നിവ ധരിക്കണം.  തോട്, ഓട, കുളം എന്നിവിടങ്ങളിലെ വെളളം കൊണ്ട് മുഖവും വായും കഴുകരുത്. കെട്ടിക്കിടക്കുന്ന മഴവെളളത്തിൽ ഇറങ്ങുന്നവർക്കും മലിന ജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് എലിപ്പനി സാധ്യത കൂടുതൽ.    രോഗ വാഹകരായ എലി, പട്ടി, പന്നി, കന്നുകാലികൾ എന്നിവയുടെ വിസർജ്യം കെട്ടിക്കിടക്കുന്ന വെളളത്തിൽ കലരുന്നു.  ഇതുമായി സമ്പർക്കത്തിൽ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും, മുറിവിലൂടെയും എലിപ്പനിയുടെ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. പനി, പേശീ വേദന, തലവേദന, നടുവേദന, വയറു വേദന, ഛർദി, കണ്ണിനു ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണം.  രോഗ ലക്ഷണങ്ങൾ ഉളളവർ   ഉടൻ  ആരോഗ്യകേന്ദ്രങ്ങളിലെത്തി വൈദ്യസഹായം തേടണമെന്നും ഡിഎംഒ അറിയിച്ചു. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധപ്രവർത്തനങ്ങൾ ശക്‌തമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക, ആഹാര പദാർഥങ്ങൾ അടച്ച് സൂക്ഷിക്കണം. മീൻ പിടിക്കാൻ വെളളക്കെട്ടുകളിൽ ഇറങ്ങരുത്,    വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആഹാര ശുചിത്വവും പാലിക്കണം. ജലസ്രോതസുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News