വേഗം കൂടിയാൽ സഡൻ ബ്രേക്ക്‌!!!



പത്തനംതിട്ട നിരത്തുകളിലെ അമിതവേഗതയ്ക്ക്‌ കടിഞ്ഞാണിടാൻ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്‌. ഭൂരിഭാഗം അപകടങ്ങൾക്കും പലപ്പോഴും കാരണമാകുന്നത്‌ അമിതവേഗതയും അലക്ഷ്യമായി വാഹനം ഓടിക്കുന്നതുമാണ്‌. കൈപ്പട്ടൂരിൽ വെള്ളിയാഴ്‌ച ലോറി ബസിലേയ്‌ക്ക്‌ മറിഞ്ഞുണ്ടായ അപകടത്തിന്‌ കാരണവും ലോറി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതാണെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ ശരിവയ്‌ക്കുന്നതാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട്‌. ഡ്രൈവറുടെ വീഴ്‌ചയാണ്‌ അപകടകാരണമായി കണക്കാക്കുന്നത്‌. കൈപ്പട്ടൂർ അപകടത്തിന്‌ പിന്നാലെ നിരത്തുകളിലെ അമിതവേഗതയും നിയമ ലംഘനവും പിടികൂടാൻ പരിശോധന ശക്തമാക്കിയിരിക്കുകയാണ്‌ മോട്ടോർ വാഹന വകുപ്പ്‌. ശനിയാഴ്‌ച മോട്ടോർ വാഹന വകുപ്പ്‌ നേതൃത്വത്തിൽ അമിത വേഗക്കാരെ പിടികൂടാനായി പ്രത്യേക പരിശോധനയും നടത്തി.  കർശന നടപടിക്കായി ഇന്റർസെപ്‌ടർ ഉപയോഗിച്ചുള്ള പരിശോധനയാണ്‌ നടത്തിയത്‌. പുനലൂർ–- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പകൽ രണ്ടുമുതൽ വൈകിട്ട്‌ അഞ്ചുവരെ അമിതവേഗത നിരീക്ഷിക്കാൻ പ്രത്യേക പരിശോധന നടന്നു. നിരവധി പേർക്ക്‌ പിഴ ചുമത്തി. ശനിയാഴ്‌ചകളിൽ വേഗത കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധന നടത്തിയത്‌. കടന്നു പോയ മുഴുവൻ വാഹനങ്ങളുടെയും വേഗത പരിശോധിച്ച്‌ അമിതവേഗക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു. Read on deshabhimani.com

Related News