കൊടുമണ്‍ റൈസ് മില്‍ 
അടുത്ത വര്‍ഷം



 പത്തനംതിട്ട ജില്ലയിലെ നെൽകർഷകർക്ക് ആശ്വാസമാകുന്ന വിധം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടുമണ്ണിൽ ആധുനിക റൈസ് മിൽ വരുന്നു. സംസ്ഥാനത്ത് തന്നെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന ആദ്യ മില്ലിന് സംസ്ഥാന ആസൂത്രണ സമിതിയുടെ അം​ഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഓമല്ലൂർ ശങ്കരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതോടൊപ്പം വന്യമൃ​ഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കാർഷിക വിളകളെ സംരക്ഷിക്കാനുള്ള പദ്ധതിക്കും ആസൂത്രണസമിതിയുടെ അം​ഗീകാരമായി.  കൊടുമൺ പഞ്ചായത്തിലെ  അങ്ങാടിക്കൽ ഒറ്റത്തേക്കിലാണ്  ആധുനികരീതിയിലുള്ള മിൽ  സ്ഥാപിക്കുക. ഒരു ദിവസം രണ്ട് ടൺ നെല്ല്  പുഴുങ്ങി കുത്തി അരിയാക്കാൻ  ശേഷിയുള്ള  മിൽ ജില്ലയിൽ ഈ  മേഖലയിലെ ഏറ്റവും വലിയ സംരംഭം ആയിരിക്കും.   ഏകദേശം ഒരു കോടി രൂപ  ചെലവ് വരുന്ന പദ്ധതിക്ക് 60 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിനൊടൊപ്പം പറക്കോട് ബ്ലോക്ക് പഞ്ചായത്തും കൊടുമൺ പഞ്ചായത്തും സംയുക്തമായാണ് പദ്ധതിചെലവ് വഹിക്കുക. മില്ലിനുള്ള ടെൻഡർ നടപടി ഫെബ്രവരിയിൽ  ആരംഭിക്കും. കെട്ടിട നിർമാണവും യന്ത്രസാമഗ്രികളുടെ സ്ഥാപനവും അതിവേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന്  പ്രസിഡന്റ്‌ പറഞ്ഞു. നിലവിൽ കോട്ടയം ജില്ലയിലെ വെച്ചുരടക്കമുള്ള പ്രദേശങ്ങളിലെ  മില്ലുകളെയാണ് കർഷകർ ആശ്രയിക്കുന്നത്. ജില്ലയിലെ നെല്ലുൽപ്പാദനം വർധിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം  ഉറപ്പാക്കാനും പുതിയ സംരംഭം ഇടയാക്കും. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് തരിശ് നില കൃഷി നടത്താൻ 42 ലക്ഷം രൂപയുടെയും  കിഴങ്ങുവർ​ഗങ്ങളുടെ ഇടവിള കൃഷിക്ക്  35 ലക്ഷം  രൂപയുടെ പദ്ധതിയും  നടപ്പാക്കും.    Read on deshabhimani.com

Related News