കല്ലേലി-–കൊക്കാത്തോട് റോഡ്‌ ഫെബ്രുവരിയിൽ പൂർത്തിയാകും



കോന്നി  കൊക്കാത്തോട് കല്ലേലി റോഡിന്റെ നിർമാണ പ്രവർത്തനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു. 2023 ഫെബ്രുവരിയിൽ  റോഡിന്റെ ട്രാഫിക് സേഫ്റ്റി ഉൾപ്പെടെയുള്ള ജോലികൾ പൂർണമായും പൂർത്തീകരിക്കുമെന്ന്‌ എംഎൽഎ പറഞ്ഞു. നിർമാണ  പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് കല്ലേലി- കൊക്കാത്തോട് റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്. എട്ട്‌ കിലോമീറ്റര്‍ ദൂരമുള്ള  റോഡിന്റെ വശങ്ങളിലും പ്രധാന ഭാഗങ്ങളിലും കലുങ്കും നിര്‍മിച്ചാണ്‌  ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ആറു പുതിയ കലുങ്കുകളും, രണ്ട് കലുങ്കിന്റെ പുനർ നിർമാണവും,100 മീറ്റർ നീളത്തിൽ ഓടയും, 1675 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും, സംരക്ഷണഭിത്തിയും നിർമിക്കും. കല്ലേലി ഇഞ്ച ചപ്പാത്തിന്റെ സമീപം അച്ചൻകോവിലാറിന്റെ സമാന്തരമായി പോകുന്ന തോട്  വനം വകുപ്പിന്റെ അനുമതിയോടുകൂടി  അച്ചൻകോവിൽ ആറിൽ  എത്തിക്കുന്നതിനുള്ള നിർദ്ദേശം പരിശോധിക്കുമെന്നും എം എൽഎ പറഞ്ഞു. അഞ്ചര മീറ്റര്‍ വീതിയിലാണ് ബിഎം & ബിസി സാങ്കേതിക വിദ്യയില്‍  റോഡ് ടാര്‍ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ ചുമതലയില്‍ ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊക്കാത്തോട് പ്രദേശത്തെ യാത്രാ ദുരിതത്തിന്‌ പരിഹാരമാകും. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്  രേഷ്മ മറിയം റോയ്, പഞ്ചായത്ത് അംഗങ്ങളായ വി കെ രഘു, ജോജു വർഗീസ്, എസ് സിന്ധു, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ രൂപക്ക് ജോൺ, കരാർ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ  എംഎൽഎ യോടൊപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News