ലഹരിക്ക്‌ മതമുണ്ടോ?



മല്ലപ്പള്ളി ലഹരിക്ക് ഒരു മതം മാത്രം, ഉന്മാദമെന്ന മതം. ജില്ലയിൽ ഈ വർഷം മയക്കുമരുന്ന് ഉപയോഗത്തിന്റെ അറുപതോളം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 11 കേസ്‌ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ടതാണ്.  ജില്ലയിലെ ലഹരി ഉപയോക്താക്കൾക്ക് പ്രിയം കഞ്ചാവാണ്.  വിൽപ്പനയ്‌ക്കെത്തിച്ച 15 കിലോയോളം കഞ്ചാവ് ഇക്കാലയളവിൽ പൊലീസ് പിടിച്ചെടുത്തു. ഇതിന്റെ പതിന്മടങ്ങ് വിപണനം ചെയ്യപ്പെടുന്നു എന്നതാണ് സത്യം. കുഗ്രാമങ്ങളിൽ പോലും ലഹരി വിപണനശൃംഖല നിലനിൽക്കുന്നു. കോവിഡ് കാലത്തെ സമ്പൂർണ അടച്ചുപൂട്ടൽ സമയത്തും ലഹരിവിപണി സജീവമായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യകാലത്ത് തമിഴ്നാട്ടിൽ നിന്നായിരുന്നു കഞ്ചാവെത്തിയിരുന്നത്. ഇപ്പോൾ അന്ധ്ര, ജാർഘണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്നുണ്ട്. വിൽപ്പനയ്‌ക്ക് ഇതരസംസ്ഥാന തൊഴിലാളികളും രംഗത്തുണ്ട്. സ്കൂൾ വിദ്യാർഥികൾ മുതൽ ആവശ്യക്കാർ നിരവധിയാണ്.  പിടിക്കപ്പെടുന്ന ഒരു കിലോ കഞ്ചാവിന് ഒരു ഗ്രാം കുറവുണ്ടെങ്കിൽ പോലും ജാമ്യം നൽകുന്നതാണ് നമ്മുടെ നിയമവ്യവസ്ഥ. സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചാൽ പിഴയടച്ചു രക്ഷപ്പെടാം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ വിദ്യാർഥികൾക്ക് വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവെന്നുകൂടി പൊലീസ് എഴുതിച്ചേർക്കാറുണ്ട്. ജാമ്യം നിഷേധിക്കാൻ ഇതു മതിയെങ്കിലും ശിക്ഷ ഉറപ്പാക്കാൻ കഞ്ചാവ് വേറെ കരുതണമെന്നതാണ് പൊലീസിന്റെ ഗതികേട്. ലഹരിയുടെ ആഹ്ലാദം തേടുന്നവർക്ക് മതം മാനദണ്ഡമല്ല, സ്വയം മറന്നവർക്ക് എന്ത് മതം. Read on deshabhimani.com

Related News