ഒഴിവായത്‌ 
വൻ ദുരന്തം

പത്തനംതിട്ട–- അടൂർ റോഡിൽ കൈപ്പട്ടൂർ തെക്കേ കുരിശിന് സമീപം ഉണ്ടായ അപകടത്തിൽ മറിഞ്ഞ മിക്സർ യൂണിറ്റ് ലോറിയും സ്വകാര്യബസും


 പത്തനംതിട്ട കൈപ്പട്ടൂരിൽ നിയന്ത്രണം തെറ്റിയ ലോറി സ്വകാര്യ ബസിന്‌ മുകളിലേയക്ക്‌ മറിഞ്ഞ്‌ അപകടം. അമിത വേഗത്തിൽ എത്തിയ സിമന്റ്‌ മിക്‌സർ യൂണിറ്റാണ്‌ നിയന്ത്രണം തെറ്റി ബസിൽ ഇടിച്ച്‌ മുകളിലേയ്‌ക്ക്‌ മറിഞ്ഞത്‌. ഇടിയുടെ ആഘാതത്തിൽ ബസും മറിഞ്ഞു. ഇരുവാഹനങ്ങളും മറിഞ്ഞെങ്കിലും വൻ ദുരന്തം ഒഴിവായി. വെള്ളി രാവിലെ 10.15 ന്‌ കൈപ്പട്ടൂർ തെക്കേകുരിശ്‌ ജങ്ഷനിൽ ഗവ. വിഎച്ച്‌എസ്‌എസിന്‌ മുന്നിലായിരുന്നു അപകടം. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 13 പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. രക്ഷാ പ്രവർത്തനം നടത്തിയ ഗവ. വിഎച്ച്‌എസ്‌എസിലെ അഞ്ച്‌ വിദ്യാർഥികൾക്കും പരിക്കേറ്റു. അപകടത്തിൽ സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ അനിൽ കുമാർ(55), ബസ്‌ യാത്രിക പങ്കജാക്ഷിയമ്മ(72) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്‌ യാത്രക്കാരായ ദിപി(33), സൂര്യ(30), ബിന്ദു(46), ശുഭാ ചന്ദ്രൻ(42),എലിസബത്ത് ജയിൻ(57), ഡെയ്സി(43), മോളി സാമുവേൽ (71), ഗീത(32), മുംതാസ്(22), അനീഷ്‌(21), ബസ് ഡ്രൈവർ വിജീഷ് കുമാർ(32), കണ്ടക്‌ടർ സതീഷ് കുമാർ(39), സ്കൂൾ വിദ്യാർഥി ജി ദേവദത്ത്(18) എന്നിവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പത്തനംതിട്ടയിൽ നിന്ന്‌ അടൂരേയ്‌ക്ക്‌ പോയ യൂണിയൻ ബസിന്‌ മുകളിലേയ്‌ക്ക്‌ സിമന്റ്‌ മിക്സർ കയറ്റി അടൂർ ഭാഗത്ത്‌ നിന്ന് വന്ന ലോറിയാണ്‌ മറിഞ്ഞത്‌. ലോറിയിൽ നിറച്ച്‌ കോൺക്രീറ്റ്‌ മിശ്രിതമുണ്ടായിരുന്നു. ലോറി എത്തുന്നത്‌ കണ്ട്‌ ബസ്‌ വേഗത കുറച്ചതിനാലും ബസിൽ യാത്രക്കാർ കുറവായതിനാലും വൻ ദുരന്തം ഒഴിവായി. ലോറി ബസിന്‌ മദ്ധ്യ ഭാഗത്താണ്‌ ഇടിച്ചത്‌. അമിത വേഗതയിൽ എത്തിയ ലോറിയുടെ നിയന്ത്രണം തെറ്റിയതാണ്‌ അപകട കാരണമെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നു. വാഹനം വന്ന്‌ പതിച്ചതിന്റെ ആഘാതത്തിൽ ബസ്‌ ഒരു വശത്തേയ്‌ക്ക്‌ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും ശബ്‌ദം കേട്ടെത്തിയ വിദ്യാർഥികളും ചേർന്ന്‌ പരിക്കേറ്റവരെ വാഹനത്തിൽ നിന്ന്‌ പുറത്തെത്തിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറേ വാഹനത്തിന്റെ ചില്ല്‌ തകർത്ത്‌ വിദ്യാർഥികളാണ്‌ പുറത്തെടുത്തത്‌. പൊലീസും ഫയർഫോഴ്‌സും ചേർന്ന്‌ പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്‌ പത്തനംതിട്ട അടൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു.    സ്‌കൂളിന്‌ മുന്നിലുള്ള വളവോട്‌കൂടിയ തിരക്കേറിയ റോഡിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്ന്‌ നാട്ടുകാർ കുറ്റപ്പെടുത്തി. എൽകെജി മുതൽ പ്ലസ്‌ ടു വരെയുള്ള സ്‌കൂളിൽ 300ൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്‌. കുട്ടികൾക്ക്‌ റോഡ്‌ മുറിച്ച്‌ കടക്കാൻ പോലും ഇടനൽകാതെയാണ്‌ വാഹനങ്ങൾ പായുന്നത്‌. സ്‌കൂൾ സമയത്ത്‌ പൊലീസ്‌ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭിക്കുന്നില്ലെന്ന്‌ അധ്യാപകരും പറയുന്നു. ഇവിടെ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. റോഡിൽ ഹമ്പുകൾ പുനസ്ഥാപിക്കണമെന്ന്‌  വള്ളിക്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ മോഹനൻ ആവശ്യപെട്ടു Read on deshabhimani.com

Related News