പന്നികൾക്ക് പോകാം വെടിപൊട്ടും



പത്തനംതിട്ട കാർഷികമേഖലയ്ക്ക്  വെല്ലുവിളിയായി  മാറിയ  വന്യമൃഗ  ശല്യം കുറയ്ക്കുന്നതിന്‌ കാട്ടുപന്നികളെ പിടികൂടാന്‍  സംസ്ഥാന സർക്കാർ എടുത്ത തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു.   ശല്യം  രൂക്ഷമായ പ്രദേശങ്ങളിൽ തദ്ദേശസ്ഥാപന മേധാവികൾക്ക്  അവയെ പിടികൂടാൻ  ആവശ്യമായ അധികാരം നൽകാനാണ് തീരുമാനം. ജില്ലയിലെ  കാർഷികമേഖലയ്ക്ക് ഏറെ ആശ്വാസകരമായ നടപടിയാണിത്. വനപ്രദേശം അതിരിടുന്ന മേഖല കൂടുതലുള്ള  ജില്ല എന്നതുകൊണ്ടുതന്നെ  ഈ മേഖലയിലെ കർഷകർ നേരിടുന്ന പ്രതസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.  വർഷങ്ങൾ  കഴിയുംതോറും  വന്യമൃ​ഗങ്ങളുടെ  ആക്രമണങ്ങൾ കൂടിവരികയാണ്. ജില്ലയിൽ  വനമേഖല തീരെയില്ലാത്ത പ്രദേശങ്ങളിൽ പോലും കാട്ടുപന്നിയുടെ ആക്രമണം  നേരിടുന്നു .  തിരുവല്ല അടക്കമുള്ള നഗരപ്രദേശങ്ങളിൽ പോലും കാട്ടുപന്നി  ശല്യം അനുഭവപ്പെട്ടു.   കേരള കർഷക സംഘത്തിന്റെയും സിപിഐ എമ്മിന്റെയും  നേതൃത്വത്തിൽ നിരവധി  സമര പരിപാടികൾ ഇതിനകം നടത്തി. കേന്ദ്ര സർക്കാരിന്റെ  നിയമങ്ങളും  നിർദേശങ്ങളുമാണ് പലപ്പോഴും  നടപടിക്ക് തടസ്സം നേരിടുന്നത്. അത് കൊണ്ടു തന്നെ ഇക്കാര്യത്തിൽ ഇടതുപക്ഷ സർക്കാർ  അധികാരത്തിൽ വന്നത് മുതൽ ഇക്കാര്യം ​ഗൗരവത്തോടെ കണ്ടാണ് നടപടികൾ സ്വീകരിച്ചത്. അതിന്റെ ഭാ​ഗമായാണ് ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ തദ്ദേശസ്ഥാപന മേധാവികൾക്ക് ഇത് തടയാൻ കൂടുതൽ അധികാരം നൽകിയത്.   ജില്ലാ പഞ്ചായത്ത് കാട്ടുപന്നി ശല്യം തടയാൻ കമ്പി വേലികെട്ടുന്ന പദ്ധതിക്കും തുടക്കമിട്ടിരുന്നു. വളരെ ഉറപ്പുള്ള കമ്പിവേലി നിർമാണത്തിന് കർഷകർക്ക് സബ്സിഡിയടക്കമുള്ള ആനുകൂല്യവും പ്രഖ്യാപിച്ചു. നിരവധി മേഖലകളിൽ ഇത് നടപ്പാക്കിവരുന്നുണ്ട്.  ഇതോടൊപ്പം ആനയടക്കമുള്ള മൃ​ഗങ്ങളുടെ ശല്യം കിഴക്കൻ മേഖലകളിലുണ്ട്. ഇവയെ പ്രതിരോധിക്കാൻ കിടങ്ങുകൾ കുഴിക്കുന്നതടക്കമുള്ള നടപടികൾ വനംവകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണ്‌.  ജില്ലയിൽ നിയമാനുസൃത ലൈസൻസുള്ള തോക്ക് ഉടമകളുടെ പാനൽ വനംവകുപ്പിന്റെ പക്കല്‍  തയ്യാറാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും കാട്ടുപന്നികളെ പിടികൂടാന്‍  നടപടി  കൈക്കൊള്ളുക. മാലിന്യം കൂടിയതും കുറുക്കനും കുറുനരികളുമടക്കമുള്ള മൃ​ഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവുമാണ് കാട്ടുപന്നികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ പ്രധാന കാരണമെന്ന് വനംവകുപ്പിന്റെ നിരീക്ഷണം. Read on deshabhimani.com

Related News