പ്രവേശനോത്സവം ആറന്മുള 
ജിവിഎച്ച്എസ്എസില്‍



 പത്തനംതിട്ട ജില്ലാ സ്കൂൾ പ്രവേശനോത്സവം ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ ഒന്നിന്  നടക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുക്കും. പുതിയ അധ്യയന വർഷത്തിൽ   പഠനം സു​ഗമമാക്കുന്നതിന് വേണ്ട വിവിധ നടപടികൾ പൂർത്തിയായി.   സ്കൂളുകളുടെ അറ്റകുറ്റപണികളും  ശുചീകരണം അടക്കമുള്ള മറ്റു നടപടികളും  സമയബന്ധിതമായി പൂർത്തിയാക്കി.  കുട്ടികളുടെ യാത്രാപ്രശ്നത്തിനും ക്രമീകരണമായി.   സ്കൂൾ വാഹനങ്ങളുടെ മോട്ടോർ വാഹന വകുപ്പ്  പരിശോധന പൂർത്തിയാക്കി വരുന്നു. ഇതിനകം 200ലേറെ വാഹനങ്ങളുടെ പരിശോധന പൂർത്തിയായി.   വാഹനവുമായി ബന്ധപ്പെട്ട  നിബന്ധനകൾ   കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കണമെന്ന്  അധികൃതർ അറിയിച്ചു.   രാവിലെയും വൈകിട്ടും ടിപ്പറുകളുടെ യാത്രകൾ ക്രമീകരിക്കാനും തീരുമാനിച്ചു.  കുട്ടികളുടെ വാക്സിനേഷന്  വേണ്ട മാർ​ഗനിർദ്ദേശങ്ങളും ഇതിനകം നൽകിയിട്ടുണ്ട്‌. കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ജില്ല. ഒരു ഡോസ് പോലും എടുക്കാത്ത കുട്ടികൾക്ക് 31നകം വാക്സനേഷൻ എടുക്കുന്നതിന് ആരോ​ഗ്യവകുപ്പ്‌ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കുട്ടികൾ താമസിക്കുന്നതിന്‌  തൊട്ടടുത്ത ആരോ​ഗ്യ കേന്ദ്രങ്ങളിൽ ഇതിന് സൗകര്യമുണ്ട്.  സർക്കാർ ആരോ​ഗ്യ കേന്ദ്രത്തിൽ സൗജന്യമായി തന്നെ വാക്സിനേഷൻ നൽകും. സ്കൂൾ തുറക്കുന്നതിനു മുമ്പ് തന്നെ പാഠപുസ്തകങ്ങൾ  സ്കൂൾ സൊസൈറ്റികളിൽ എത്തിച്ചിട്ടുണ്ട്.  ജില്ലയിലാകെ 731 വിദ്യാലയങ്ങളാണ് ഉള്ളത്.  ഹൈസ്കൂളുകൾ 171 ഉം. ജില്ലയിൽ നാല് സ്കൂളുകളിൽ നിർമിച്ച പുതിയ കെട്ടിടങ്ങൾ 30ന് ഉദ്ഘാടനം ചെയ്യും.  ​ഗവ. എഎച്ച്എസ് കോഴഞ്ചേരി, ജിയുപിഎസ് പൂഴിക്കാട്, സെന്റ് ജോൺസ് ​ഗവ. എൽപിഎസ് മേപ്രാൽ, ​ഗവ. എച്ച്എസ്എസ് തോട്ടക്കോണം  സ്കൂളുകളിലെ പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.   കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് കെട്ടിട നിർമാണം നടന്നത്. Read on deshabhimani.com

Related News