"ആർദ്രം മിഷൻ 2' വ്യാപിപ്പിക്കും



പത്തനംതിട്ട ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്ന ആർദ്രം മിഷൻ രണ്ടിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ വ്യാപിക്കുമെന്ന് കലക്ട്രേറ്റിൽ ചേർന്ന  യോഗം തീരുമാനിച്ചു.  സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിൽ വലിയ പങ്കാണ് ആർദ്രം മിഷൻ വഹിക്കുന്നതെന്ന്‌ യോഗത്തിൽ സംസാരിച്ച കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. മിഷന്റെ മെച്ചപ്പെട്ട നടത്തിപ്പിനായി കമ്മിറ്റിയും രൂപീകരിച്ചു. കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ചെയർമാനായ കമ്മിറ്റിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ജില്ലാ പ്രോഗ്രാം മാനേജർ (എൻഎച്ച്എം), ജില്ലാ നോഡൽ ഓഫീസർ ആർദ്രം (കൺവീനർ),  ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം, ഹോമിയോ), കോന്നി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സംസ്ഥാനതല എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ മെമ്പർമാരാണ്. നവകേരള കർമ പദ്ധതിയുടെ ഭാഗമായാണ് ആർദ്രം 2 മിഷൻ നടപ്പാക്കുന്നത്. ജില്ലാതല കാൻസർ പരിരക്ഷ പരിപാടി, വാർഷിക ആരോഗ്യ പരിശോധന, ഏകാരോഗ്യം ക്യാമ്പയിൻ ഇവയൊക്കെ ആർദ്രം രണ്ടിന്റെ ഭാഗമായി സർക്കാർ നടപ്പാക്കി വരുന്നു. ഈ മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇതിനോടകം കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും ഒരു ഐസൊലേഷൻ വാർഡ് സ്ഥാപിക്കും. ഏകാരോഗ്യം ക്യാംപെയിനിലൂടെ മൃഗങ്ങൾ വഴി അസുഖം വരാതിരിക്കാൻ വേണ്ട രോഗപ്രതിരോധ ഇടപെടലിനൊപ്പം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകൾ വഴി സാധ്യമായ പ്രവർത്തനങ്ങൾക്കാണ് മിഷൻ രൂപം നൽകുന്നത്. Read on deshabhimani.com

Related News