പുനർവിവാഹപ്പരസ്യം നൽകിയ ആളിൽ 
നിന്ന്‌ ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ



പത്തനംതിട്ട  പുനർവിവാഹപ്പരസ്യം നൽകിയയാളിനെ ഫോണിൽ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതി പൊലീസ് പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയന്റെ മകൾ വി ആര്യ(36)യെയാണ് കോയിപ്രം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്.  കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് 2020 മേയ് നാല് മുതൽ രണ്ട് മൊബൈൽ ഫോണിൽ നിന്നും നിരന്തരം വിളിച്ച പ്രതി തന്റെ സഹോദരിക്ക്  വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന്‌ പറഞ്ഞുവിശ്വസിപ്പിച്ച ശേഷം മേയ് 17 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ അമ്മയുടെ ചികിത്സയ്ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു എന്നാണ് കേസ്.  കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം ചെയ്തെടുത്തത്. കൂടാതെ 22, 180 രൂപ വിലയുള്ള ഓപ്പോ കമ്പനി നിർമിതമായ പുതിയ മൊബൈൽ ഫോണും കൈക്കലാക്കി. ചതിയ്ക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത് ഈവർഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്‌പിയ്ക്ക് പരാതി നൽകി. കോയിപ്രം എസ് ഐ രാകേഷ് കുമാർ കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ  ശേഖരിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്ഐ അനൂപ് സുജിത്, എം എ ഷെബി എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News