റിയല്‍ എസ്റ്റേറ്റ് പദ്ധതികൾക്ക് 
"റെറ' രജിസ്ട്രേഷന്‍ ഉറപ്പാക്കണം



പത്തനംതിട്ട  റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്ന് യൂണിറ്റുകൾ വാങ്ങുമ്പോൾ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ (റെറ) രജിസ്ട്രേഷനുണ്ടെന്ന് ഉറപ്പാക്കണമെന്ന്  റെറ ചെയർമാൻ പി എച്ച്  കുര്യൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ട് യൂണിറ്റിന്  മുകളിൽ വില്ലകൾ, ഫ്ലാറ്റുകൾ, വാണിജ്യ യൂണിറ്റുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഗോഡൗണുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പ്രൊജക്ടുകൾ റിയൽ എസ്റ്റേറ്റ് പദ്ധതിയെന്ന നിർവചനത്തിൽ വരും. വ്യവസായ,- താമസ ആവശ്യങ്ങൾക്ക് ഭൂമി എട്ടിൽ കൂടുതൽ പ്ലോട്ടുകളാക്കി  വിൽപ്പന നടത്താനും അതോറിട്ടിയുടെ രജിസ്ട്രേഷൻ നിർബന്ധമാണ്.  ആകെ 500 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഭൂമി പ്ലോട്ടുകളാക്കി വികസിപ്പിച്ച് വിപണനം നടത്തുമ്പോൾ പൊതുവഴി ഉൾപ്പെടെ  എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി  തദ്ദേശസ്ഥാപനത്തിൽ നിന്ന്  അനുമതിയും  വാങ്ങിവേണം  രജിസ്റ്റർ ചെയ്യാൻ.  രജിസ്റ്റർ ചെയ്ത  റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും ഭൂമിയുടെ രേഖകളും  അനുമതികളും ഉൾപ്പെടെയുള്ള വിവരങ്ങളും നിർമാണ പുരോഗതിയും rera.kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമാണ്. പദ്ധതിയുടെ പേര്, ഡെവലപ്പർ, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ വിവിധ തരത്തിൽ പോർട്ടലിൽ  തെരയാന്‍ സാധിക്കും. മൂന്നുമാസം കൂടുമ്പോള്‍  നിർമാണ പുരോഗതി ഡെവലപ്പർമാർ ഈ പോർട്ടൽ വഴി ലഭ്യമാക്കും.  രജിസ്ട്രേഷന് അപേക്ഷിക്കുന്ന പ്രൊജക്ടുകൾ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും അനുമതികളെല്ലാം ലഭ്യമാക്കിയിട്ടുണ്ടോ എന്നും പരിശോധിച്ചാണ് അതോറിട്ടി രജിസ്ട്രേഷൻ നൽകുന്നത്. അതുകൊണ്ടുതന്നെ വാങ്ങുന്നവർക്ക് നിയമപരിരക്ഷ ഉറപ്പാണെന്നും പി എച്ച് കുര്യന്‍ പറഞ്ഞു.   ഇത്തരം പ്രൊജക്ടുകളിലെ ഇടപാടുകളിൽ ഏജന്റായി പ്രവർത്തിക്കുന്നവരും (റിയൽ എസ്റ്റേറ്റ് ഏജന്റ്) റെറയിൽ രജിസ്റ്റർ ചെയ്യണം.  റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കുമായി പത്തനംതിട്ടയിൽ  ബോധവൽക്കരണ പരിപാടിയും നടത്തി.  റെറ ചെയർമാൻ പി എച്ച്  കുര്യൻ, അംഗം അഡ്വ. പ്രീത മേനോൻ, സെക്രട്ടറി വൈ ഷീബാ റാണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News