മാലിന്യം ഉറവിടത്തിൽ ഇല്ലാതാക്കണം



പത്തനംതിട്ട ഉറവിട മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകുന്ന പദ്ധതി ജില്ലയിലും കർശനമാക്കുന്നു. ഇത് സംബന്ധിച്ച് ജില്ലാ തലത്തിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്‌. ദൈനംദിനമെന്നോണം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ നിർമാർജനം ഇവർ വിലയിരുത്തുന്നു. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനുള്ളിൽ തിരുവല്ല, അടൂർ, പന്തളം താലൂക്കുകളിൽ സഞ്ചരിച്ച് വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി.  ബോധവൽക്കരണത്തോടൊപ്പം നിയമപരമായ നടപടികളും സ്വീകരിക്കുന്നതായി തദ്ദേശ വകുപ്പ് അധികൃതർ പറഞ്ഞു. അഞ്ചം​ഗ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധനയും നിയമനടപടികളും സ്വീകരിക്കുന്നത്. തദ്ദേശവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ് എന്നിവയിലെ അം​ഗങ്ങൾ ഇതിലെ പ്രതിനിധികളാണ്. ഉറവിട മാലിന്യ സംസ്‌കരണം ലംഘിച്ചാൽ നിയമ നടപടി കർശനമാക്കാൻ തദ്ദേശവകുപ്പ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. നിയമം ലംഘിച്ചാൽ 50,000 രൂപ വരെ പിഴയും ഒരു വർഷം വരെ തടവും ഈാടാക്കാനാണ്  നിർദേശം.  തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ സേനയെ കൂടുതൽ സജീവമാക്കും. ഇല്ലാത്ത മേഖലകളിൽ അടിയന്തരമായി സേനാം​ഗങ്ങളെ നിയമിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിവിധ തദ്ദേശസ്ഥാപനങങളിലെ വാർഡുകളിലും മറ്റും എംസിഎഫിൽ മാലിന്യം യഥാസമയം മാറ്റാത്തതിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ വകുപ്പ് അധികൃതർ പറഞ്ഞു. ജൈവ, അജൈവ മാലിന്യം വേർതിരിച്ച്  ക്ലീൻ കേരള കമ്പനിക്ക് വിൽക്കാനാണ് നിർദേശം. ചില പ്രദേശത്ത് ഇതിന് തടസ്സം നേരിടുന്നുണ്ട്. അവ മാറ്റുന്നതിന് വകുപ്പുതലത്തിൽ നടപടി സ്വീകരിക്കും.   ജില്ലയില്‍ ന​ഗര കേന്ദീകൃതമായ തദ്ദേശ സ്ഥാപനങ്ങള്‍ അധികമില്ലാത്തതിനാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ അധികം വെല്ലുവിളി നേരിടുന്നില്ലെന്നും തദ്ദേശ വകുപ്പ് അധികൃതര്‍ പറഞ്ഞു.   പുതിയ സ്ഥാപനങ്ങൾക്ക് ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കിയെ ഇനി പ്രവർത്തിക്കാൻ അനുമതി നൽകൂ. നിലവിലുള്ളവയ്ക്ക് അവ തയ്യാറാക്കാൻ നിശ്ചിത സമയം അനുവദിക്കാനും അത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.  സംസ്ഥാനതലത്തിൽ തന്നെ മാലിന്യസംസ്‌കരണം നിരീക്ഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി പ്രവർത്തിക്കുന്നു. Read on deshabhimani.com

Related News