കാതോലിക്കേറ്റ് സപ്തതി ആഘോഷ സമാപനം നാളെ



പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പ്ലാറ്റിനം ജൂബിലി കെട്ടിടം ഉദ്‌ഘാടനവും കോളേജ് സപ്തതി ആഘോഷത്തിന്റെ സമാപനവും 27ന് നടക്കും. തിങ്കളാഴ്ച രാവിലെ 10ന് ആക്കാദമിക്ക് ബ്ലോക്കിന്റെ കൂദാശ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും.  ​ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള അക്കാദമിക് സമുച്ചയം ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പാൾ ഡോ. ഫിലിപ്പോസ് ഉമ്മൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ​ഗോവ ​ഗവർണർ മുഖ്യാതിതഥിയാകും. ആരോ​ഗ്യമന്ത്രി വീണാ ജോർജ് സംസാരിക്കും.  കോളേജ് സപ്തതി സ്മരണാർഥം നിർമിക്കുന്ന ആദ്യ വീടിന്റെ ഉടമ്പടി യോ​ഗത്തിൽ കൈമാറും. പുതിയ കോഴ്‌സുകളും പഠനരീതികളും ഒത്തിണക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിക്ക് കൂടുതൽ ഭൗതിക സാഹചര്യം വേണ്ടിവരും. അതിന്റെ ഭാ​ഗമായാണ് പുതിയ ബ്ലോക്ക് ആറു കോടി രൂപ ചെലവിൽ നിർമിച്ചത്. കെട്ടിടത്തിലെ ഒരു ഭാ​ഗം ആദ്യ പ്രിൻസിപ്പളായിരുന്ന ‍ഡാനിയേൽ മാർ പീലനക്സിനോസ് മെത്രാപ്പോലീത്തയുടെ പേരിലുള്ള റിസേർച്ച് സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ സെന്ററായി പ്ര‍വർത്തിക്കും.  തിങ്കളാഴ്ച പകൽ രണ്ടിന് എംഒസി മാനേജ്മെന്റ് കോളേജുകളിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പാൾമാർ, അധ്യാപകർ, അനധ്യാപകർ എന്നിവർക്ക് യാത്രയയപ്പ് നൽകും. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ യോ​ഗം ഉദ്ഘാടനം ചെയ്യും. കോളേജ് ബർസാർ ഡോ. സുനിൽ ജേക്കബ്, കൺവീനർ ഫാ. ഡോ. തോംസൺ റോബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News