കരുതലായി സർക്കാർ



 പത്തനംതിട്ട സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് മെയ് മാസം ജില്ലയിലെ ആറ് താലൂക്കുകളിലും "കരുതലും കൈത്താങ്ങും' എന്ന പേരിൽ പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അദാലത്തിന്റെ ക്രമീകരണങ്ങൾ നിശ്ചയിക്കാൻ ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് രണ്ടിന് കോഴഞ്ചേരി, മെയ് നാലിന് മല്ലപ്പള്ളി, മെയ് ആറിന് അടൂർ, മെയ് എട്ടിന് റാന്നി, മെയ് ഒൻപതിന് തിരുവല്ല, മെയ് 11ന് കോന്നി എന്നിവിടങ്ങളിൽ താലൂക്ക്തല അദാലത്ത് നടക്കും. മന്ത്രിമാരായ വീണാ ജോർജ്, പി രാജീവ്, ജി ആർ അനിൽ എന്നിവർ അദാലത്തിൽ പങ്കെടുക്കും. അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ ഏപ്രിൽ ഒന്ന് മുതൽ 10 വരെ സ്വീകരിക്കും. ജനങ്ങൾക്ക് ഓൺലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാം. പരാതികൾ ഓൺലൈനായി തന്നെ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ പരമാവധി ശ്രദ്ധിക്കണം. അദാലത്തിനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.  വകുപ്പ് തലത്തിൽ ലഭിക്കുന്ന പരാതികൾ ജില്ലാതല ഓഫീസർമാർ തന്നെ പരിശോധിച്ച് പരിഹാരം കാണണം. പരാതികൾ ജനങ്ങളിൽ നിന്നും നേരിട്ട് സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തിൽ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കാനായി വകുപ്പ് തലത്തിൽ ജില്ലാതല അദാലത്ത് സെല്ലും പരാതികളിന്മേലുള്ള നടപടികൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചു.   അദാലത്ത് ദിവസം നേരിട്ടു ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതിനും പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനും അദാലത്ത് വേദിയിൽ പ്രത്യേക സംവിധാനം ഒരുക്കും. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ അദാലത്ത് സെല്ലുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ  കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ചെയർമാനും തിരുവല്ല ആർഡിഒ വിനോദ് രാജ്, അടൂർ ആർഡിഒ എ തുളസീധരൻ പിള്ള എന്നിവർ വൈസ് ചെയർമാൻമാരും ജില്ലാ പ്ലാനിങ് ഓഫീസർ സാബു സി മാത്യു മെമ്പറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ പബ്ലിസിറ്റി കൺവീനറുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെൽ രൂപീകരിച്ചു. അദാലത്തിൽ ലഭിക്കുന്ന പരാതികൾ അതത് ദിവസം തന്നെ പരിശോധിച്ച് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് ഓരോ വകുപ്പിലും അദാലത്ത് സെൽ രൂപീകരിക്കും. എല്ലാ വകുപ്പുകളിലും ജില്ലാതല ഓഫീസുകളിൽ ജില്ലാ ഓഫീസർ കൺവീനറും ജില്ലാതല ഓഫീസിനു താഴെ ആ വകുപ്പിന്റെ സ്ഥാപന മേധാവികൾ അംഗങ്ങളുമായി ജില്ലാ അദാലത്ത് സെൽ രൂപീകരിക്കും. ജില്ലാതല ഓഫീസുകൾ ഇല്ലാത്ത വകുപ്പ് ആണെങ്കിൽ ജില്ലയുടെ ചുമതലയുള്ള റീജിയണൽ/ സോണൽ/ റേഞ്ച് ഓഫീസർ കൺവീനറും വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ/ ജില്ലയിൽ ഓഫീസുകൾ, സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അതിലെ മേധാവികൾ അംഗങ്ങളുമായി ജില്ലാ അദാലത്ത് സെൽ രൂപീകരിക്കും Read on deshabhimani.com

Related News